Site iconSite icon Janayugom Online

‘സൈൻഫെൽഡ്’ സംവിധായകൻ ടോം ചെറോണസ് അന്തരിച്ചു

പ്രശസ്ത അമേരിക്കൻ ടെലിവിഷൻ പരമ്പരയായ സൈൻഫെൽഡിന്റെ സംവിധായകനും നിർമ്മാതാവുമായ ടോം ചെറോണസ് അന്തരിച്ചു. 86 വയസ്സായിരുന്നു. അൽഷിമേഴ്‌സ് രോഗബാധയെത്തുടർന്ന് ഒറിഗണിലെ ഫ്ലോറൻസിലുള്ള വസതിയിലായിരുന്നു അന്ത്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകപ്രശസ്ത കോമഡി പരമ്പരയായ സൈൻഫെൽഡിന്റെ 85 എപ്പിസോഡുകൾ ടോം ചെറോണസ് സംവിധാനം ചെയ്തിട്ടുണ്ട്. 1990ൽ പുറത്തിറങ്ങിയ പരമ്പരയുടെ രണ്ടാം എപ്പിസോഡായ ‘ദ സ്റ്റേക്ക്ഔട്ട്’ മുതൽ അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തു. 1993ൽ മികച്ച കോമഡി പരമ്പരയ്ക്കുള്ള എമ്മി പുരസ്കാരം അദ്ദേഹം സൈൻഫെൽഡിലൂടെ സ്വന്തമാക്കി. ആറ് തവണ എമ്മി നാമനിർദ്ദേശങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സൈൻഫെൽഡിന് പുറമെ ന്യൂസ്‌റേഡിയോ, വെൽക്കം ബാക്ക് കോട്ടർ, എലൻ തുടങ്ങിയ പ്രശസ്തമായ ഷോകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

1939ൽ അലബാമയിൽ ജനിച്ച ചെറോണസ് പത്രപ്രവർത്തനത്തിലും ടെലികമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയ അദ്ധേഹം അമേരിക്കൻ നാവികസേനയിൽ നാല് വർഷം ലഫ്റ്റനന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975ൽ ഹോളിവുഡിലെത്തിയ അദ്ദേഹം ‘ജനറൽ ഹോസ്പിറ്റൽ’ എന്ന പ്രോഗ്രാമിൽ പ്രൊഡക്ഷൻ മാനേജരായാണ് കരിയർ ആരംഭിച്ചത്. 1986ൽ ‘ബേബ്‌സ് ഇൻ ദ വുഡ്‌സ്’ എന്ന ഷോയിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് ചുവടുവെച്ചത്.

Exit mobile version