സംസ്ഥാനത്തെ വിവിധ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനും സേവന വ്യവസ്ഥകൾക്കുമായുള്ള 2021ലെ കേരള സ്വാശ്രയ കോളജ് അധ്യാപക, അനധ്യാപക ജീവനക്കാർ (നിയമനവും സേവന വ്യവസ്ഥകളും) ബിൽ നിയമസഭ പാസാക്കി.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയനുസരിച്ചാണ് സർക്കാർ ഈ വിഷയത്തിൽ നിയമനിർമ്മാണത്തിലേക്ക് കടന്നത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ ജീവനക്കാർ നേരിടുന്ന ചൂഷണങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണുന്ന വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും തൊഴിൽ ദിനങ്ങൾ, ജോലിസമയം എന്നിവ സർക്കാർ, എയ്ഡഡ് കോളജുകളിലേതിന് സമാനമായിരിക്കണമെന്ന് ബില്ലിൽ വ്യവസ്ഥചെയ്യുന്നു. സർക്കാർ, എയ്ഡഡ് കോളജുകളിലെ ജീവനക്കാർക്കുള്ള പൊതു അവധി, ആകസ്മിക അവധി, പ്രസവാവധി എന്നിവ സ്വാശ്രയ കോളജുകളിലെ ജീവനക്കാർക്കും ബാധമാകായിരിക്കും. നിയമിക്കപ്പെടുമ്പോൾ തന്നെ ബന്ധപ്പെട്ട കോളജ് മാനേജ്മെന്റുമായി തസ്തിക, ശമ്പള സ്കെയിൽ, ഇൻക്രിമെന്റ്, ഗ്രേഡ്, പ്രമോഷൻ, നിയമനകാലയളവ്, അധികസമയ ജോലി എന്നിവ സംബന്ധിച്ച് കരാറിൽ ഏർപ്പെടണം. ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള വ്യവസ്ഥയുണ്ടാക്കുന്നതിന് തടസമില്ലെന്നും ബില്ലിൽ പറയുന്നു.
ഒഴിവുകളിലേക്ക് നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചുകൊണ്ട് ബന്ധപ്പെട്ട കോളജ് വിജ്ഞാപനമിറക്കണം. ശേഷം അപേക്ഷകൾ പരിശോധിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കിയായിരിക്കണം നിയമനം നടത്തേണ്ടത്. നിയമിക്കപ്പെടുന്നവരെ പിഎഫിൽ അംഗമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. നിലവിൽ ജോലിയിൽ തുടരുന്നവർ പിഎഫിൽ അംഗമല്ലെങ്കിൽ ആറുമാസത്തിനകം അതിനുള്ള നടപടികൾ സ്വീകരിക്കണം. ജീവനക്കാരെ കേന്ദ്ര സർക്കാർ അംഗീകരിച്ച ഇൻഷുറൻസ് കമ്പനിയുടെ പദ്ധതിയിലും അംഗമാക്കണം.
കോളജ് മാനേജ്മെന്റിന്റെ അച്ചടക്ക നടപടികളിൽ പരാതികൾ ഉണ്ടെങ്കിൽ ആ കോളജ് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവകാലാശാലയിൽ അപ്പീൽ നൽകാം. ഓരോ കോളജിലും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, അധ്യാപക രക്ഷാകർത്തൃ അസോസിയേഷൻ, വിദ്യാർത്ഥി പരാതി പരിഹാര സെൽ, വനിതകൾക്കായുള്ള ഇന്റേണൽ കംപ്ലയൻസ് കമ്മിറ്റി എന്നിവ രൂപീകരിക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് പകരം മന്ത്രി കെ രാധാകൃഷ്ണനാണ് ബിൽ അവതരിപ്പിച്ചത്.
English Summary: Self-financing college appointment and terms of service: Approval of the Bill
You may like this video also