ആറു പേർക്ക് പുതുജീവൻ നൽകി മരണത്തിലും മാലാഖയായി സെൽവിൻ ശേഖർ. കന്യാകുമാരി വിളവിൻകോട് സ്വദേശിയായ സെൽവിന് (36) മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങൾ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചത്. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം നിർവഹിച്ചത്. തമിഴ്‌നാട്ടിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യ ഗീതയും സ്റ്റാഫ് നഴ്സാണ്. കടുത്ത തലവേദനയെ തുടര്‍ന്ന് അവിടുത്തെ ആശുപത്രിയിലും നവംബര്‍ 21 ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ വെള്ളിയാഴ്ച മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
സെല്‍വിന്റെ ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16കാരന്‍ ഹരിനാരായണനു വേണ്ടി ഹെലികോപ്റ്റര്‍ മാര്‍ഗം 40 മിനിട്ടുകൊണ്ട് ഹൃദയം എത്തിച്ചു നല്‍കി. ഇന്നലെ രാവിലെ ആറ് മണിക്ക് അവയവങ്ങള്‍ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. തുടര്‍ന്ന് 10.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും അവയവങ്ങളുമായി ഹെലികോപ്‍റ്റര്‍ പറന്നുയര്‍ന്നു. 11.30 ഓടെ കൊച്ചി ബോൾഗാട്ടി ഹെലിപാഡില്‍ ഇറങ്ങി. ഇവിടെനിന്ന് റോഡ് മാർഗം ആംബുലൻസിൽ രണ്ടരമിനിറ്റിൽ ലിസി ആശുപത്രിയിൽ എത്തിച്ചു. ആംബുലൻസ് കടന്നുവന്ന വഴിയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ആദ്യഘട്ടം പൂർത്തിയായതോടെ ഹരിനാരായണനെ ഐസിയുവിലേക്ക് മാറ്റി. 48 മണിക്കൂർ കഴിഞ്ഞ ശേഷം മാത്രമെ ശസ്ത്രക്രിയ പൂർണമായി വിജയകരമെന്ന് പറയാൻ കഴിയുകയുള്ളുവെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം. പറഞ്ഞു. സംസ്ഥാനത്ത് അവയവദാനം ഏകദേശം നിലച്ച സാഹചര്യത്തിൽ ഒരുമാസം മുൻപ് ഹരിനാരായണനെ ചെന്നൈയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ലക്ഷക്കണക്കിന് രൂപ നൽകി ഹൃദയം മാറ്റിവെക്കാൻ കഴിയാത്ത സാഹചര്യത്തിൽ തിരിച്ചുവരികയായിരുന്നു. നേരത്തെ, ഹരിനാരായണന്റെ സഹോദരനും സമാനമായ രീതിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.
ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കും നല്‍കും. അതീവ ദുഃഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചു. സെല്‍വിന്റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി.
English Summary: selvin shekhar internal organ transplantation
You may also like this video
You may also like this video