Site iconSite icon Janayugom Online

ജനകീയ ആസൂത്രണം പിന്നിട്ട് വഴികൾ ചർച്ച ചെയ്ത് സെമിനാര്‍

ജനകീയമായി വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു സംവിധാനം കേരളത്തിൽ രൂപപ്പെട്ടു എന്നുള്ളതാണ് അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് വിജ്ഞാനകേരളം അഡ്വൈസറും മുൻ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. എന്റെ കേരളം പ്രദർശന വിപണനമേളയുടെ നാലാം ദിനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയസൂത്രണം പിന്നിട്ട പടവുകൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമസഭ, കുടുംബശ്രീ, വിദ്യാലയ വികസന സമിതി തുടങ്ങി ഇന്ന് ജനപങ്കാളിത്തത്തിന് ഒരുപാട് വേദികൾ ഉണ്ട് ഇതിനെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ഈ ഇടങ്ങളിലല്ലാം ഏതൊരു പൗരനും സധൈര്യം ഇടപെടുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്നും അതുതന്നെയാണ് നമ്മുടെ ജനകീയ ആസൂത്രണത്തിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശുചിത്വ പരിപാടികൾ മാലിന്യ സംസ്കരണ പരിപാടികൾ,വയോജന ക്ഷേമ പരിപാടികൾ, ഡിജിറ്റൽ സാക്ഷരത അങ്ങനെ എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ഇന്ന് നടപ്പിലാക്കുന്നത്. ഇങ്ങനെ സംസ്ഥാനത്തിന്റെ വികസനത്തിന് ഏതു തരത്തിലുള്ള പദ്ധതിയാണെങ്കിലും എല്ലാം സംയോജിപ്പിച്ച് ചെയ്യാൻ പറ്റുന്ന ഒരു സംവിധാനം പഞ്ചായത്തുകളിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളതാണ് അധികാരവികേന്ദ്രീകരണത്തിന്റെ മറ്റൊരു മേന്മ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനകീയ ആസൂത്രണം 30 വർഷം പിന്നിടുമ്പോൾ അതിന്റെ നേട്ടങ്ങൾ നിലനിർത്തി കൊണ്ടു പോകാൻ നമുക്ക് കഴിയണമെന്നും ജനപ്രതിനിധികൾക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. 

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, ജില്ലാ ആസൂത്രണ സമിതി നോമിനി അഡ്വക്കേറ്റ് സി രാമചന്ദ്രൻ, നവകേരളം കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ കെ.ബാലകൃഷ്ണൻ തുടങ്ങിയവർ തങ്ങളുടെ അനുഭവം പങ്കുവെച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ജി സുധാകരൻ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസർ പി രാജേഷ് നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പ് ജീവനക്കാർ, കില ഫാക്കൽറ്റികൾ തുടങ്ങിയവർ പങ്കെടുത്തു. 

Exit mobile version