Site iconSite icon Janayugom Online

ഐഫോൺ ഉപയോഗിക്കാതെ തന്നെ വാച്ചിൽ മെസേജും വോയ്സ് നോട്ടും അയയ്ക്കാം; പുതിയ ആപ്പ് അവതരിപ്പിച്ച് വാട്സ്ആപ്പ്

ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ആപ്പ് പുറത്തിറക്കി വാട്സ്ആപ്പ്. ഐഫോൺ അ‌രികിൽ ഇല്ലാതെ തന്നെ വാട്സ്ആപ്പ് മെസേജുകളും വോയ്സ് നോട്ടുകളും ​കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ അ‌നുവദിക്കുന്ന പുതിയ വാട്സ്ആപ്പ് ആപ്പിൾ വാച്ച് ആപ്പ് നവംബർ നാലിനാണ് പുറത്തിറങ്ങിയത്. ഇതിലൂടെ നിങ്ങളുടെ ഐഫോൺ പുറത്തെടുക്കാതെ തന്നെ ടെക്സ്റ്റ് സന്ദേശങ്ങൾ, വോയ്സ് സന്ദേശങ്ങൾ എന്നിവ വായിക്കാനും കേൾക്കാനും അയക്കാനും സാധിക്കും.

ഉപയോക്താക്കൾക്ക് കോൾ നോട്ടിഫിക്കേഷനുകൾ കാണാനും ദൈർഘ്യമേറിയ മെസേജുകൾ വരെ വായിക്കാനും കഴിയും എന്നത് ഇതിന്‍റെ പ്രത്യേകതയാണ്. ഐഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് പോലെ തന്നെ ഇമോജികൾ ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാനും ഉപയോക്താക്കൾക്ക് കഴിയും. ചാറ്റ് ഹിസ്റ്ററി കാണാനും സാധിക്കും. വാട്സ്ആപ്പ് ആപ്പിൾ വാച്ച് ആപ്പിൽ എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുമെന്നും മെറ്റ വ്യക്തമാക്കി.

ഇതോടെ വാട്സ്സ് ആപ്പ് ഉപയോഗിക്കുന്നതിന് വേണ്ടി ഇനി ഐഫോൺ കൊണ്ട് നടക്കേണ്ട ആവശ്യമില്ല.

ആപ്പിൾ വാച്ചിൽ വാട്ട്‌സ്ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
ആപ്പിള്‍ വാച്ച് സീരീസ് ഫോറോ അതിലും പുതിയ മോഡലുകളോ ഉപയോഗിക്കുന്നവര്‍ക്കാണ് വാട്‌സ്ആപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. കൂടാതെ, വാച്ച് ഒ.എസ്10ഓ അതിലും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമോ ആപ്പിള്‍ വാച്ചില്‍ ഉണ്ടായിരിക്കണം. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉപയോക്താക്കൾ അവരുടെ ഐഫോൺ എ.ഒ.എസിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും ആപ്പ് സ്റ്റോർ വഴി വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും ഉറപ്പാക്കണം.

ശേഷം ഐഫോണിലെ വാച്ച് ആപ്പിൽ നിന്ന് ‘അവൈലബ്ൾ ആപ്പ്സ്’ വിഭാഗത്തിൽനിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന് വാച്ചിലെ വാട്സ്ആപ്പിൽ ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

Exit mobile version