Site iconSite icon Janayugom Online

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയ‑ബിസൗവില്‍ സെെനിക അട്ടിമറി

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയ‑ബിസൗവില്‍ സെെനിക അട്ടിമറി. ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് മുമ്പാണ് അട്ടിമറി നടന്നത്. പ്രസിഡന്റ് ഉമാരോ സിസോക്കോ എംബാലോയെ പുറത്താക്കിയതായും ഭരണനിയന്ത്രണം ഏറ്റെടുത്തതായും ഹൈ മിലിട്ടറി കമാൻഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സെെനിക സംഘ നേതാവ് ജനറൽ ഡെനിസ് എൻ’കാൻഹ പ്രഖ്യാപിച്ചു. പ്രസിഡന്റ് കൊട്ടാരത്തിന്റെ ചുമതലയുള്ള സെെനിക ഉദ്യോഗസ്ഥനാണ് ഡെനിസ്.
തെര‍ഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഉമാരോ സിസോക്കോ എംബാലോ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവയ്ക്കുന്നതായി ഡെനിസ് പ്രഖ്യാപിച്ചു. സംസ്ഥാന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടു. രാജ്യവ്യാപകമായി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന സംഘങ്ങളുടെ സഹായത്തോടെ രാഷ്ട്രീയ നേതൃത്വം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയിരുന്നവെന്നും ഇത് കണ്ടെത്തിയതോടെയാണ് അധികാരം പിടിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും ഡെനിസ് പറയുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം കാട്ടാനുള്ള ശ്രമങ്ങളും നടന്നതായി സെെന്യം അവകാശപ്പെടുന്നു.
ഓഫിസിൽ വച്ച് തന്നെ കസ്റ്റഡിയിലെടുത്തതായി എംബാലോ സ്ഥിരീകരിച്ചതായി ഫ്രഞ്ച് പാൻ‑ആഫ്രിക്കൻ വാരികയായ ജ്യൂൺ അഫ്രീക് റിപ്പോർട്ട് ചെയ്തു. പോർച്ചുഗീസ് എംബസിക്ക് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞു, രാഷ്ട്രീയ നേതാക്കൾ എംബസികളില്‍ അഭയം തേടുന്നത് തടയാൻ കനത്ത ആയുധധാരികളായ മുഖംമൂടി ധരിച്ച സൈനികരെ വിന്യസിച്ചിട്ടുണ്ട്. 

Exit mobile version