Site iconSite icon Janayugom Online

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുന്‍കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നലബാലകൃഷ്ണപിള്ള അന്തരിച്ചു. അദ്ദേഹത്തിന് 95വയസായിരുന്നു.ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യംരണ്ടുതവണ കെപിസിസി അധ്യക്ഷനായി പ്രവര്‍ത്തിച്ച തെന്നല ബാലകൃഷ്ണപിള്ള, രണ്ടുതവണ അടൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗവും ആയിട്ടുണ്ട്. 

കൊല്ലം ശൂരനാട് പരേതരായ എന്‍. ഗോപാലപിള്ളയുടെയും എന്‍ ഈശ്വരി അമ്മയുടെയും മകനായി 1930 മാര്‍ച്ച് 11‑നായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എംജി കോളേജില്‍നിന്ന് ബിരുദംനേടി. കോണ്‍ഗ്രസിന്റെ വിവിധ പ്രാദേശിക ഭാരവാഹിത്വങ്ങള്‍ വഹിച്ചശേഷം ഡിസിസിയിലും കെപിസിസിയിലും എത്തി.അഞ്ചരവര്‍ഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനായി. 1977‑ലും 1982‑ലും അടൂരില്‍നിന്ന് എംഎല്‍എയായി. 1998‑ല്‍ വയലാര്‍ രവിക്ക് പിന്നാലെയാണ് തെന്നല ബാലകൃഷ്ണപിള്ള ആദ്യം കെപിസിസി അധ്യക്ഷനായത്.

1998 മുതല്‍ 2001 വരെ അധ്യക്ഷപദവിയില്‍ തുടര്‍ന്നു. പിന്നീട് 2004 മുതല്‍ 2005 വരെയും കെപിസിസി അധ്യക്ഷപദവി വഹിച്ചു. 1991‑ലും 1992‑ലും 2003‑ലും കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായിരിക്കെ നദീസംരക്ഷണ അതോറിറ്റി, പെറ്റീഷന്‍ കമ്മിറ്റി, ദേശീയ ഷിപ്പിങ് ബോര്‍ഡ്, റബര്‍ ബോര്‍ഡ്, സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ സബ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ കൊമേഴ്‌സ് തുടങ്ങിയവയില്‍ അംഗമായിരുന്നു. അഖില ഭാരത അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സതീദേവിയാണ് ഭാര്യ. ഒരു മകളുണ്ട്. ഭൗതികദേഹം ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട്.

Exit mobile version