മഹാരാഷ്ട്രയിലെ പൂണെയില്‍ ഭാര്യയേയും അനന്തരവനേയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ജീവനൊടുക്കിയ നിലയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ഓടെ ബനേര്‍ ഏരിയയിലെ ഭരത് ഗെയ്ഗ്വാദിന്റെ വസതിയിലാണ് സംഭവം. എസിപി ഭരത് ഗെയ്ക്വാദാ(57)ണ് കൊലയ്ക്ക് ശേഷം ആത്മഹത്യ ചെയ്തത്.
ഭാര്യ മോനി ഗെയ്ക്വാദി(44), അനന്തരവന്‍ ദീപക്ക്(35) എന്നിവരാണ് മരിച്ചത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. പൂണെയിലെ ചതുര്‍ശൃംഘി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബനേര്‍ ഏരിയയിലാണ് സംഭവം. അമരാവതിയില്‍ എസിപിയായി നിയമിക്കപ്പെട്ട ഭരത് ഗെയ്ക്വാദ് അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം.
ഭാര്യ മോനി ഗെയ്ക്വാദിന് നേരെയാണ് ആദ്യം വെടിയുതിര്‍ത്തത്. ഇവര്‍ക്ക് തലയിലാണ് വെടിയേറ്റത്. വെടിവെപ്പിന്റെ ശബ്ദം കേട്ട് അനന്തരവന്‍ ദീപക്കും(35) ഓടിയെത്തിയപ്പോള്‍ ഇയാള്‍ക്ക് നേരേയും വെടിയുതിര്‍ക്കുകയായിരുന്നു. ദീപക്കിന്റെ നെഞ്ചിലാണ് വെടിയേറ്റത്. പിന്നീട് സ്വയം വെടിയുതിര്‍ത്ത് ഭരതും ജീവനെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
English Summary: Senior Pune Cop Shoots Dead Wife And Nephew, Then Dies By Suicide
You may also like this video