പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങി സെര്‍ജിയോ ബുസ്കെറ്റ്സ്. മേജർ ലീഗ് സോക്കറിന്റെ ഈ സീസൺ അവസാനം വിരമിക്കുമെന്ന് താരം സമൂഹമാധ്യമം വഴി അറിയിച്ചു.
‘ഫുട്ബോളിലെ എന്റെ അവസാന മാസങ്ങളാണിത്. ഞാൻ വളരെ സന്തോഷവാനും സംതൃപ്തനും എല്ലാറ്റിനുമുപരി നന്ദിയുള്ളവനുമാണ്. ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്ന ഈ അവിശ്വസനീയമായ ഈ ജീവതം ആരംഭിച്ചിട്ട് ഏകദേശം 20 വർഷമായി. ഫുട്‌ബോൾ എന്നെ മികച്ച സ്ഥലങ്ങളിൽ എത്തിക്കുകയും മികച്ച അനുഭവം നൽകുകയും ചെയ്തു. എല്ലാവർക്കുംനന്ദി, ഫുട്ബോളിനും.’– സെർജിയോ ബുസ്കെറ്റ്സ് വിഡിയോയിൽ പറഞ്ഞു.
സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയില്‍ നിന്നും പടിയിറങ്ങിയ ബുസ്കെറ്റ്സ്, പഴയ സഹതാരം ലയണല്‍ മെസിക്കൊപ്പവും ലൂയിസ് സുവാരസിനൊപ്പവും ഇന്റര്‍ മിയാമിയിലാണ്. ബാഴ്സലോണയ്ക്കായി 700ലധികം മത്സരങ്ങളില്‍ ബൂട്ടുകെട്ടി. ലാ ലിഗ കിരീടങ്ങൾ, ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, കോപ്പ ഡെൽ റേ വിജയങ്ങൾ എന്നിവയെല്ലാം സ്വന്താക്കി. ബാഴ്‌സയ്‌ക്കൊപ്പം ഒമ്പത് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും സ്വന്തമാക്കി.
2008, 2012 വർഷങ്ങളിലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും 2010 ലോകകപ്പും നേടി ട്രെബിൾ പൂർത്തിയാക്കിയ സ്പാനിഷ് ദേശീയ ടീമിന്റെ ഭാഗമായിരുന്നു ബുസ്‌കെറ്റ്‌സ്. 143 മത്സരങ്ങളില്‍ സ്പാനിഷ് ജേഴ്സിയണിഞ്ഞു. 2022ലാണ് മുൻ സ്പെയിൻ ക്യാപ്റ്റനായ ബുസ്കെറ്റ്സ് രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ചത്. ഖത്തർ ലോകകപ്പിന്റെ പ്രീക്വാട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് സ്പെയിൻ പുറത്തായിരുന്നു. പിന്നാലെയാണ് ടീം നായകൻ കൂടിയായ ബുസ്കെറ്റ്സ് വിരമിക്കൽ പ്രഖ്യാപിച്ചത്.

