പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയനുസരിച്ച് രാജ്യത്തെ ഗ്രാമീണ മേഖലയിലെ ഭവന നിര്‍മ്മാണ ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ചയെന്ന് പാര്‍ലമെന്ററി സമിതി. അര്‍ഹരായവര്‍ ഗുണഭോക്തൃ പട്ടികയില്‍ ഇടം പിടിക്കുന്നില്ലെന്നും സമിതി കണ്ടെത്തി. 14 വര്‍ഷം മുമ്പ് തയ്യാറാക്കിയ സോഷ്യോ ഇക്കോണമിക് കാസ്റ്റ് സെന്‍സസ് (എസ്ഇസിസി) മാര്‍ഗരേഖയനുസരിച്ചാണ് ഇപ്പോഴും ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. കാലഹരണപ്പെട്ട ഈ പട്ടിക പരിഷ്കരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. അന്ന് പദ്ധതിക്ക് അര്‍ഹരായിരുന്ന പലരും ഇപ്പോള്‍ അര്‍ഹതയുള്ളവരല്ല. അതേസമയം യോഗ്യരായ ലക്ഷക്കണക്കിനുപേര്‍ പുറത്തുനില്‍ക്കുകയും ചെയ്യുന്നു. നിലവിലെ ഗുണഭോക്തൃ പട്ടിക പരിശോധിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഗ്രാമീണ വികസന മന്ത്രാലയം ശ്രമിക്കണം. ഗ്രാമീണ ഭവന പദ്ധതിക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിക്കണമെന്നും കോണ്‍ഗ്രസ് എംപി സപ്തഗിരി ശങ്കര്‍ ഉലക അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടു.
2016 ഏപ്രിൽ ഒന്നിനാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളുള്ള സുരക്ഷിത വീട് ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2.95 കോടി വീടുകൾ നിർമ്മിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. 2029 ആകുമ്പോഴേക്കും രണ്ട് കോടി വീടുകൾ കൂടി കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തോടെ 2024 ഓഗസ്റ്റിൽ പദ്ധതി വിപുലീകരിക്കുകയായിരുന്നു. നിലവില്‍ ഒരുവീടിന് സമതല പ്രദേശങ്ങളില്‍ 1.20 ലക്ഷം രൂപയും, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് സംസ്ഥാനങ്ങളില്‍ 1.30 ലക്ഷവും ധനസഹായമായി നല്‍കുന്നത് അപര്യാപ്തമാണ്. നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റമനുസരിച്ച് ഇത് നാല് ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും സമിതി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി സുരക്ഷിത ഭവനത്തിന്റെ നിര്‍മ്മാണത്തിനായി നാല് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഒക്ടോബർ വരെ, 2.66 കോടി വീടുകൾ പൂർത്തിയായെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഇതുപ്രകാരം 29 ലക്ഷം വീടുകൾ ഇപ്പോഴും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഏകദേശം 1.46 കോടി വീടുകളുടെ പൂർത്തീകരണം മുടങ്ങിക്കിടക്കുന്നതായി കമ്മിറ്റി കണക്കാക്കുന്നു. അഞ്ച് വര്‍ഷം കൂടി പദ്ധതി ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തി 3.46 കോടി വീടുകളായി ലക്ഷ്യം ഉയര്‍ത്തണമെന്നും സമിതി ആവശ്യപ്പെട്ടു.