Site iconSite icon Janayugom Online

തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്: ഇടത് കണ്ണിന് പകരം വലത് കണ്ണിന് ചികിത്സ നൽകി; ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്. ഇടത് കണ്ണിന് നൽകേണ്ടിയിരുന്ന ചികിത്സ വലത് കണ്ണിന് മാറി നൽകിയെന്ന് രോഗി പരാതിപ്പെട്ടു. നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെപ്പ് തെറ്റി വലത് കണ്ണിന് നൽകുകയായിരുന്നു. അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ് എസ് സുജീഷിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ നൽകുന്ന ചികിത്സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശിനി അസൂറ ബീവിയാണ് ഈ പരാതിയുമായി ആരോഗ്യ വകുപ്പിനെയും കന്റോൺമെന്റ് പോലീസിനെയും സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. എസ് എസ് സുജീഷിനെ സസ്പെൻഡ് ചെയ്തു.

അസൂറ ബീവിക്ക് ഇടത് കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഒരു മാസക്കാലമായി അവർ ചികിത്സയിലായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തുകയും, കണ്ണിൽ ഇഞ്ചക്ഷൻ ചെയ്യാനുള്ള മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം വാങ്ങി നൽകുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെയാണ് ശസ്ത്രക്രിയയുടെ ഭാഗമായി ആശുപത്രിയിൽ അഡ്മിറ്റ് ആയത്. പിന്നീട് ഇടത് കണ്ണിന് എടുക്കേണ്ടിയിരുന്ന ഇഞ്ചക്ഷൻ അബദ്ധത്തിൽ വലത് കണ്ണിന് എടുക്കുകയുമായിരുന്നു. ചികിത്സാ പിഴവ് മനസ്സിലായതോടെ കുടുംബം ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒ പി ടിക്കറ്റ് തിരികെ ആവശ്യപ്പെട്ടപ്പോൾ ആശുപത്രി അധികൃതർ അത് നൽകാൻ കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അസൂറ ബീവിയുടെ മകൻ മാജിദ് പറഞ്ഞു. 

Exit mobile version