Site iconSite icon Janayugom Online

മുല്ലപ്പെരിയാറിൽ ഗുരുതര സുരക്ഷാ വീഴ്ച

അതീവ സുരക്ഷാ മേഖലയായ മുല്ലപ്പെരിയാർ ഡാമിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര സുരക്ഷാ വീഴ്ച. റിട്ടയർഡ് എസ്ഐമാരടക്കം നാലു പേർ തമിഴ്നാടിന്റെ ബോട്ടിലെത്തി ഡാമിൽ സന്ദർശനം നടത്തി മടങ്ങി. കഴിഞ്ഞ ഞായറാഴ്ചയാണ് നാലംഗ സംഘത്തിന്റെ വിവാദമായ സന്ദർശനം.

റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥന്മാരായ റഹിം, അബ്ദുൽ സലാം, ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ ജോൺ വർഗീസ്, ഇയാളുടെ മകൻ വർഗീസ് ജോൺ എന്നിവരാണ് മുൻകൂർ അനുമതിയില്ലാതെ ഡാം സന്ദർശിച്ചത്. സംഭവം വിവാദമായതോടെ നാലു പേർക്ക് എതിരെയും പൊലീസ് കേസെടുത്തു.

തമിഴ് നാടിന്റെ ബോട്ടിലെത്തിയ നാലു പേരെയും പൊലീസ് തടയാത്തതിന് പുറമെ സന്ദർശകരുടെ പേരുകൾ ജി ഡി രജിസ്റ്ററില്‍ രേഖപ്പെടുത്താനും ഇവർ മുതിരാതിരുന്നതാണ് വലിയ വിവാദത്തിന് ഇടയാക്കിയത്. സന്ദർശനം വിവാദമായതോടെ അതിക്രമിച്ച് കയറിയതായി കാട്ടിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബോട്ടിൽ തമിഴ്‌നാട് എക്സിക്യൂട്ടീവ് എൻജിനീയർക്കൊപ്പമാണ് ഇവരെത്തിയതെന്നാണ് വിവരം. തേക്കടിയിൽ നിന്നും തമിഴ്നാടിന്റെ ബോട്ടിൽ പുറപ്പെട്ട സംഘം അണക്കെട്ടിൽ സന്ദർശനം കഴിഞ്ഞ ശേഷം മടങ്ങുകയും ചെയ്തു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം നിലനിൽക്കെയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായിരിക്കുന്നത്. സന്ദർശന വേളയിൽ ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

eng­lish summary;Serious secu­ri­ty breach at Mullaperiyar

you may also like this video;

Exit mobile version