Site iconSite icon Janayugom Online

സർവീസ് പെൻഷനേഴ്സ് കൗൺസില്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസില്‍ ഒന്നാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി. നഗര ചത്വരത്തിൽ നിന്നും തുടങ്ങിയ പ്രൗഢഗംഭീരമായ പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ആലപ്പുഴ ടി വി തോമസ് സ്മാരക ടൗൺഹാളിൽ ‘സി അച്യുതമേനോനും ആധുനിക കേരളവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറും പൊതു സമ്മേളനവും സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആർ സുഖലാൽ സ്വാഗതം പറഞ്ഞു. 

സ്വാഗത സംഘം ചെയർമാന്‍ ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. മന്ത്രി പി പ്രസാദ്, പെന്‍ഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാർ, വൈസ് പ്രസിഡന്റ് ബി വിജയമ്മ, സംസ്ഥാന കമ്മിറ്റി അംഗം വി ആർ രജിത, ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട്, ആർ ശരത്ചന്ദ്രൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, അഹമ്മദ്കുട്ടി കുന്നത്ത്, എം എം മേരി, പി ചന്ദ്രസേസൻ, വിജയമ്മ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സി വാമദേവ് നന്ദി പറഞ്ഞു. 

ഇന്ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി എ കുമാരി രക്തസാക്ഷി പ്രമേയവും യൂസഫ് കോറോത്ത് അനുശോചന പ്രമേയവും അവതരിപ്പിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി സുനീർ എം പി മുഖ്യപ്രഭാഷണം നടത്തും.
സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, വിവിധ സംഘടനാ നേതാക്കളായ ഡോ. വി എം ഹാരിസ്, ഹനീഫാ റാവുത്തർ, എസ് സുധികുമാർ, വി വിനോദ്, പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എ ജി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന കമ്മിറ്റിയംഗം മണി വിശ്വനാഥ് നന്ദി പറയും.
ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ നിസാറുദ്ദീൻ വരവ്-ചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ദേവദാസ് ഭാവി പ്രവർത്തനപരിപാടി അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ നന്ദി പറയും. 

Exit mobile version