Site iconSite icon Janayugom Online

ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പെ ഇന്ത്യക്ക് തിരിച്ചടി. പരിശീലകന്‍ ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് അടിയന്തരമായി ഗംഭീര്‍ മടങ്ങിയെതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗംഭീറിന്റെ അമ്മ സീമ ഗംഭീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമ്മ ഇപ്പോഴും ഐസിയുവില്‍ തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിന്റെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളിലെ ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം നിരീക്ഷിക്കാന്‍ ഗംഭീര്‍ ജൂണ്‍ ആറാം തീയതി തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു. ഈ മാസം 20നാണ് ആദ്യ ടെസ്റ്റ്. ഇതിന് മുമ്പ് ഗംഭീര്‍ തിരിച്ചെത്തുമോയെന്ന് വ്യക്തമല്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

ശുഭ്മാന്‍ ഗില്ലാണ് ടീമിന്റെ ക്യാപ്റ്റന്‍. രോഹിത് ശര്‍മ്മയും വിരാട് കോലിയും വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യൻ ടീമന്റെ പരിശീലന സെഷന് നേതൃത്വം കൊടുത്തത് ഗംഭീറായിരുന്നു. യുവതാരങ്ങളാല്‍ വിദേശപിച്ചില്‍ ഇറങ്ങുന്നതുകൊണ്ട് തന്നെ ഗംഭീറിനെപ്പോലെ പരിചയസമ്പന്നനായ പരിശീലകന്റെ അഭാവമുണ്ടായാല്‍ തിരിച്ചടിയാകും. കെ എല്‍ രാഹുലും ജസ്പ്രീത് ബുംറയുമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍.

Exit mobile version