Site iconSite icon Janayugom Online

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ തടയാന്‍ ഏഴുദിവസം സമയം

രാജ്യത്ത് ഡീപ്‌ഫേക്ക് വീഡിയോകളുടെ വ്യാപകപ്രചരണം തടയാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം ഉള്ളടക്കങ്ങള്‍ തടയാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏഴുദിവസത്തെ സമയം നല്‍കി. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഡീപ്‌ഫേക്ക് ഭീഷണികള്‍ പരിശോധിക്കാനും ഓണ്‍ലൈനില്‍ വ്യാജ ഉള്ളടക്കം കണ്ടെത്തുമ്പോള്‍ അതില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിന് പൗരന്മാരെ സഹായിക്കാനും സര്‍ക്കാര്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

ഡീപ്‌ഫേക്കുകൾ പോലുള്ള ആക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കത്തിനെതിരെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വികസിപ്പിച്ച പ്രത്യേക പ്ലാറ്റ്‌ഫോമിലൂടെ പരാതിപ്പെടാനാകും. ആദ്യം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഉള്ളടക്കത്തിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വെളിപ്പെടുത്തിയാല്‍ അത് പങ്കുവച്ചവര്‍ക്കെതിരെയും കേസെടുക്കും. 

ഡീപ്‌ഫേക്കുകള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ഒരുലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രശ്മിക മന്ദാന, കത്രീന കൈഫ്, കാജോള്‍ എന്നിവരുള്‍പ്പെടെ ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. 

Eng­lish Summary:Seven days to block deep­fake content
You may also like this video

Exit mobile version