പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തെലങ്കാനയിലെ മുളുഗിവില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടവരില്‍ ഉൾപ്പെടുന്നു. ചാൽപാകയിലെ ഉൾവനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു.
മാവോയിസ്റ്റുകളിൽ നിന്ന് എകെ 47 ഉൾപ്പടെയുള്ള ആയുധങ്ങളും വിവിധ സ്‌ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. നവംബർ 22ന് ഛത്തീസ്ഗഢിലെ സുഖ്മയിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന് തെലങ്കാനയിൽ മറുപടി നൽകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് പൊലീസ് പ്രദേശത്ത് കനത്ത ജാഗ്രത പുലർത്തിയിരുന്നു.
ഒരാഴ്ച മുൻപ് പൊലീസിന് വിവരം നൽകി എന്ന് പറഞ്ഞ് ഈ മേഖലയിൽ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണ്.