Site iconSite icon Janayugom Online

ഏഴ് മെയ്തി തീവ്രവാദ സംഘടനകള്‍ നിരോധിച്ചു

മണിപ്പൂരിലെ ഏഴ് മെയ്തി തീവ്രവാദ സംഘടനകളെയും നാല് അനുബന്ധ സംഘടനളെയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അനുബന്ധ സംഘടനകളില്‍ രണ്ടെണ്ണം രാഷ്ട്രീയ സംഘടനകളും രണ്ടെണ്ണം സായുധ സംഘടനകളുമാണ്. യുഎപിഎ നിയമത്തിന് കീഴില്‍പ്പെടുത്തിയാണ് നിരോധനം. പീപ്പിള്‍സ് ലിബറേഷൻ ആര്‍മി(പിഎല്‍എ), അതിന്റെ രാഷ്ട്രീയ സംഘടനയായ റവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്(ആര്‍പിഎഫ്), ദി യുണൈറ്റഡ് നാഷണല്‍ ലിബറേഷൻ ഫ്രണ്ട്(യുഎൻഎല്‍എഫ്), അതിന്റെ സായുധ സംഘടന, മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടി(എംപിഎ), പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി ഓഫ് കംഗ്ലേപക്(പിആര്‍ഇപിഎകെ), അതിന്റെ സായുധ സംഘടന റെഡ് ആര്‍മി എന്നിവയെയാണ് നിരോധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു.

അടുത്ത അഞ്ചു വര്‍ഷത്തിനിടെ നിരോധിക്കാൻ സാധ്യതയുള്ള തീവ്രപക്ഷ സംഘടനകളുടെ വിഭാഗത്തില്‍ കംഗ്ലേപക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(കെസിപി)യെയും അതിന്റെ സായുധ സംഘടനയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കംഗ്ലേ യാവോല്‍ കൻബാ ലൂപ് (കെവൈകെഎല്‍), കോഓര്‍ഡിനേഷൻ കമ്മിറ്റി(കോര്‍കോം), അലയൻസ് ഫോര്‍ സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലേപക് (എഎസ്‌യുകെ) എന്നിവയും അഞ്ചു വര്‍ഷത്തിനിടെ നിരോധിക്കാൻ സാധ്യതയുള്ളവയുടെ പട്ടികയിലുണ്ട്.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത എന്നിവയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുക, സുരക്ഷാ സേനയെയും സാധാരണക്കാരെയും ആക്രമിക്കുക തുടങ്ങിയ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കലാപങ്ങളിലൂടെ ഇന്ത്യയെ വിഭജിക്കാനും ഒരു സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കാനും ഇവര്‍ പദ്ധതിയിടുന്നതായും മണിപ്പൂരിലെ ജനങ്ങളെ ഇതിനായി പ്രേരിപ്പിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഒരു കക്കി സംഘടനയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Sev­en Meit­ei ter­ror­ist orga­ni­za­tions banned
You may also like this video

Exit mobile version