ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത നഴ്സിന് പരോളില്ലാത്ത ആജീവനാന്ത ജയില്‍വാസം വിധിച്ച് യുകെ മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതി. ലൂസി ലെറ്റ്ബി(33)യാണ് കൊ ലയാളി. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ഡോക്ടറായ രവി ജയറാമിന്റെ ഇടപെടലും സഹായവുമാണ് നവജാതശിശുക്കളുടെ കൂട്ടക്കുരുതി കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്.
ഏറ്റവും ക്രൂരവും കണക്കു കൂട്ടിയുമുള്ള ഒരു കൊലപാതക പരമ്പരയാണ് നടന്നതെന്ന് വിധിപ്രസ്താവത്തില്‍ പറഞ്ഞ ജസ്റ്റിസ് ജെയിംസ് ഗോസ്, ശിക്ഷാ കാലാവധിയ്ക്കിടെ ലൂസി ലെറ്റ്ബിക്ക് ഒരിക്കലും പരോള്‍ നല്‍കരുതെന്നും വ്യക്തമാക്കി. വിചാരണയ്ക്കിടെ പ്രതിക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
അഞ്ച് ആണ്‍കുഞ്ഞുങ്ങളെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. 2015‑നും 2016‑നും ഇടയില്‍ ഇവിടെ ഇവരുടെ ക്രൂരതകള്‍ക്കിരയായത് 13 കുഞ്ഞുങ്ങളാണ്. വടക്കന്‍ ഇംഗ്‌ളണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണച്ചുമതല ലൂസിക്കായിരുന്നു. അന്വേഷണസംഘം കണ്ടെത്തിയ ഇവരുടെ കുറിപ്പ് ഞെട്ടിക്കുന്നതായിരുന്നു. ”ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല” ‑ലൂസിയുടെ കൈപ്പടയില്‍ പറയുന്നു. രാത്രി ജോലിക്കിടെ വിഷം കലര്‍ത്തിയ ഇന്‍സുലിന്‍ കുത്തിവച്ചും അമിതമായി പാലുകുടിപ്പിച്ചുമൊക്കെയാണ് കുഞ്ഞുങ്ങളെ കൊ ന്നൊടുക്കിയത്.
സഹപ്രവര്‍ത്തകയായിരുന്ന ലൂസി ലെറ്റ്ബിയെക്കുറിച്ച് കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായ രവി ജയറാമിന് തോന്നിയ ചില ആശങ്കകളും സംശയങ്ങളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് അടിയന്തരമായി ഇടപെട്ടിരുന്നെങ്കില്‍ ഇന്ന് ചിലകുട്ടികളെങ്കിലും ജീവനോടെയുണ്ടായേനെ എന്നാണ് ഡോക്ടര്‍ പ്രതികരിച്ചത്. ”ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ജീവനോടെയുണ്ടായിരുന്നെങ്കില്‍ അതില്‍ നാലോ അഞ്ചോ കുരുന്നുകള്‍ ഇന്ന് സ്‌കൂളില്‍ പോകുന്നവരാകുമായിരുന്നു” ‑അദ്ദേഹം പറഞ്ഞു.
2015 ജൂണില്‍ രോഗങ്ങളൊന്നുമില്ലാത്ത മൂന്നുകുട്ടികള്‍ പെട്ടെന്ന് മരിച്ചതോടെയാണ് ഡോക്ടറില്‍ സംശയമുടലെടുക്കുന്നത്. തന്റെ ആശങ്കകളുന്നയിച്ചെങ്കിലും ആശുപത്രിമാനേജ്മെന്റ് തള്ളി. പിന്നീട് കൂടുതല്‍ കുട്ടികള്‍ മരിച്ചതോടെ മുതിര്‍ന്ന ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചുചേര്‍ത്തു, അതില്‍ തന്റെ സംശയങ്ങള്‍ പങ്കുവയ്ക്കുകയുംചെയ്തു. പെട്ടെന്ന് ആരോഗ്യം മോശമാവുന്ന കുട്ടികള്‍ ലൂസി പരിചരിക്കുന്നവരാണെന്നും ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ഡോക്ടര്‍മാരെ അനുവദിച്ചത്.
English Sammury: Seven newborn babies were brutally killed, Nurse sentenced to life in prison without parole