Site iconSite icon Janayugom Online

ഇന്ത്യ‑ചൈന അതിർത്തിയിൽ കാണാതായ നിർമ്മാണ തൊഴിലാളികളിൽ ഏഴ് പേരെ കണ്ടെത്തി

ഇന്ത്യ‑ചൈന അതിർത്തി പ്രദേശത്ത് കാണാതായ 19 റോഡ് നിർമ്മാണത്തൊഴിലാളികളിൽ ഏഴ് പേരെ ഇന്ത്യൻ വ്യോമസേന കണ്ടെത്തി. അസമിൽ നിന്നുള്ള തൊഴിലാളികളെ അരുണാചൽ പ്രദേശിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള കുരുംഗ് കുമേയിലെ നിന്നാണ് കാണാതായത്. ദാമിൻ സർക്കിളിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ റോഡ് നിർമ്മാണസൈറ്റിൽ നിന്ന് കാണാതായ സംഘത്തിലെ ഏഴ് പേരെ വെള്ളിയാഴ്ചയാണ് സേന കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

ബക്രീദിന് അസമിലേക്ക് മടങ്ങാൻ തൊഴിലാളികൾ ഉന്നയിച്ച ആവശ്യം കരാറുകാരൻ നിരാകരിച്ചതോടെ മൂന്ന് സംഘമായി തിരിഞ്ഞ തൊഴിലാളികൾ ജൂലായ് അഞ്ചിന് പലവഴികളിലേക്ക് ഓടി പോവുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. കണ്ടെത്തിയ തൊഴിലാളികൾ അവശനിലയിലായിരുന്നു. പലർക്കും സംസാരിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നില്ല.

തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്ത് പാർപ്പിച്ചതായും അവർക്കാവശ്യമായ വൈദ്യസഹായമുൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തിയതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കാണാതായ തൊഴിലാളികളിൽ ഒരാളെ ഫുറാക് നദിയിൽ മരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

Eng­lish summary;Seven of the con­struc­tion work­ers who went miss­ing along the India-Chi­na bor­der have been found

You may also like this video;

Exit mobile version