Site icon Janayugom Online

സിംഗപ്പൂര്‍ ദൗത്യത്തില്‍ ഏഴ് ഉപഗ്രഹങ്ങള്‍

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒക്ക് 2023 തിരക്കേറിയ വര്‍ഷം. വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നാല് റോക്കറ്റ് വിക്ഷേപണങ്ങളാണ് ഐഎസ്ആര്‍ഒ നടത്തിയത്. ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും ഉപഗ്രഹങ്ങളെ വഹിച്ചുള്ളതായിരുന്നു ഈ വിക്ഷേപണങ്ങള്‍.
വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ചന്ദ്രയാൻ‑3 വിക്ഷേപണവും ഭാവി വിക്ഷേപണങ്ങളുടെ പരീക്ഷണങ്ങളും ശ്രദ്ധേയമായി. ഈ മാസം അവസാനത്തില്‍ മറ്റൊരു വാണിജ്യ വിക്ഷേപത്തിലേക്ക് കടക്കുകയാണ് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തില്‍ സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമമാണ് ഐഎസ്ആര്‍ഒ നടത്തുന്നത്. സിംഗപ്പൂരിന്റെ 360 കിലോ ഭാരമുള്ള ഡിഎസ്- എസ്എആര്‍ ഉപഗ്രഹം, ആറ് ചെറു ഉപഗ്രഹങ്ങളായ വിലോക്സ്-എഎം, ആര്‍ക്കേഡ്, സ്കൂബ്-II, നല്ലിയോണ്‍, ഗ്ലാസിയ‑2, ഒആര്‍ബി-12 സ്റ്റ്രൈഡര്‍ എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിക്കുക.
സൂര്യനിലേക്കും ഇന്ത്യ കണ്ണുവയ്ക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തില്‍ പിഎസ്എല്‍വി ഉപയോഗിച്ച് സൂര്യന്റെ ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നതിനുള്ള ആദിത്യ എല്‍1 ഉപഗ്രഹ വിക്ഷേപണവും ഇന്ത്യ ലക്ഷ്യമിടുന്നു. ഭൂമിക്കും ചന്ദ്രനുമിടയിലെ ലഗ്രാൻജിയൻ പോയിന്റ്,എല്‍1ല്‍ ലെ ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹത്തെ എത്തിക്കുക. ഗ്രഹണ സമയത്ത് പോലും സൂര്യനെ വീക്ഷിക്കാൻ എല്‍1 പോയിന്റില്‍ സ്ഥാപിക്കുന്നതിലൂടെ സാധിക്കും. ചന്ദ്രയാൻ‑3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തി ദിവസങ്ങള്‍ക്കുള്ളിലാകും രാജ്യത്തിന്റെ സൗരദൗത്യം.
തുടര്‍ന്ന് അന്വേഷ സാറ്റലൈറ്റ്, ബഹിരാകാശ എക്സ്റെ രശ്മികള്‍ നിരീക്ഷിക്കുന്നതിനുള്ള എക്സ്പോസാറ്റ് എന്നിവയും എസ്എസ്എല്‍വിയിലൂടെ വിക്ഷേപിക്കും. റിസാറ്റ്-1ബി, റെഡാര്‍ ഇമേജിങ് സാറ്റലൈറ്റിന്റെ വിക്ഷേപണവും ഈ വര്‍ഷമുണ്ടാവും. ജിഎസ്എല്‍വി ഉപയോഗിച്ച് ഇൻസാറ്റ്-3ഡിഎസ്, രണ്ട് ഐഡിആര്‍എസ്എസ് ഉപഗ്രഹങ്ങള്‍ എന്നിവയുടെ വിക്ഷേപണവും ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നു.
റോക്കറ്റ് ദൗത്യങ്ങള്‍ കൂടാതെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യ ദൗത്യത്തിനായുള്ള വിവിധ പരീക്ഷണങ്ങളും നടന്നുവരുന്നു. ഈ വര്‍ഷം ഇതുവരെ രണ്ട് വാണിജ്യ വിക്ഷേപണങ്ങളിലും മൂന്ന് ദേശീയ ഉപഗ്രഹ വിക്ഷേപണത്തിലും രാജ്യം വിജയം കണ്ടിട്ടുണ്ട്.

eng­lish sum­ma­ry; Sev­en satel­lites in the Sin­ga­pore mission

you may also like this video;

Exit mobile version