ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജയ്‌ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചു. സംഘത്തില്‍ 12 ഓളം പേരുണ്ടായിരുന്നെന്നും അഞ്ചുപേര്‍ രക്ഷപ്പെട്ടെന്നുമാണ് വിവരം. ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു.
പാകിസ്ഥാൻ വെടിവയ്പില്‍ ജവാന്‍ വീരമൃത്യു വരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി എം മുരളി നായികാണ് (27) വീരമൃത്യു വരിച്ചത്.
വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ ലാന്‍സ് നായിക് ദിനേശ് കുമാര്‍ കൊല്ലപ്പെട്ടിരുന്നു. അതിർത്തിയിൽ സാധാരണക്കാർക്ക് നേരെ പാക് സൈന്യം കനത്ത ആക്രമണം തുടരുകയാണ്. കുപ്‌വാര, ഉറി മേഖലകളില്‍ ഇന്നലെ രാത്രിയും പാക് സൈന്യം വെടിവയ്പ് നടത്തി. ഉറിയിലെ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ഇതോടെ പാക് ആക്രമണത്തില്‍ മരിച്ച സാധാരണക്കാരുടെ എണ്ണം 16 ആയി ഉയര്‍ന്നു.

