മാരകശേഷിയുള്ള മയക്കുമരുന്നുമായി ഏഴ് യുവാക്കൾ പോലീസ് പിടിയിൽ. മുതുകുളം അപ്സരസ്സിൽ പ്രണവ് (24), കൃഷ്ണപുരം തേജസ്സിൽ സച്ചിൻ (25), ചേപ്പാട് തട്ടാശ്ശേരിൽ ശ്രാവൺ (23), മുതുകുളം ഓയൂ നിവാസിൽ അക്ഷയ് (24), ആറാട്ടുപുഴ ഉച്ചരിചിറയിൽ സജിൻ (23), പള്ളിപ്പാട് മംഗലപ്പിള്ളിയിൽ അർജുൻ (23), മുതുകുളം പുത്തൻ മഠത്തിൽ രഘുരാമൻ (24) എന്നിവരാണ് പിടിയിലായത്.
സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എംഡിഎംഎ) 50 ഗ്രാം ആണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫും ഹരിപ്പാട് പോലീസും ചേർന്നാണ് ഡാണാപ്പടി മംഗല്യ റിസോട്ടിൽ മുറിയെടുത്ത് വിൽപ്പന നടത്തിക്കൊണ്ടിരിക്കവേയാണ് ഇന്ന് പുലർച്ചെ പ്രതികളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന മയക്കുമരുന്ന് ജില്ലയിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽക്കുകയായിരുന്നു.
ഗ്രാമിന് 3000 മുതൽ 5000 രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൾ മയക്കുമരുന്ന് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും സ്കൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാപോലീസ് മേധാവി ജി ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡി വൈ എസ് പി, എം ആർ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ ബിജു വി നായർ, സബ് ഇൻസ്പെക്ടർ ഗിരീഷ്, എസ് ഐ ഉദയൻ സീനിയർ സിപിഒ മാരായ സുരേഷ്, റെജി, സിപിഒ മാരായ നിഷാദ്, സിജു, രതീഷ് ബാബു, ഡാൻസാഫ് എസ് ഐ ഇല്യാസ്, എ എസ് ഐ സന്തോഷ്, സിപിഒ മാരായ ഹരികൃഷ്ണൻ, ഷാഫി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.