Site iconSite icon Janayugom Online

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിരവധി മരണം

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിരവധി മരണംഇതോടുകൂടി ബെയ്ജിങ്ങിന്റെ സമീപപ്രദേശങ്ങളിലടക്കം മഴക്കെടുതിയിലുണ്ടായ മരണം 34 ആയി. 28 പേര്‍ മിയുന്‍ ജില്ലയിലും രണ്ട് പേര്‍ യാങ്കിംഗ് ജില്ലയിലുമാണ് മരിച്ചത്.സമീപപ്രദേശമായ ഹെയ്‌ബെയ് പ്രവിശ്യയിലെ ലുയാന്‍പിങ് കൗണ്ടിയിലെ ഗ്രാമപ്രദേശത്ത് തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 34 ആയി ഉയര്‍ന്നത്.

അര്‍ധരാത്രിയിലും കനത്ത മഴ തുടര്‍ന്നോടെ ബെയ്ജിങ്ങില്‍ 80,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇതില്‍ 17,000 പേര്‍ മിയുന്‍ ജില്ലയില്‍നിന്നുള്ളവരാണ്. പ്രദേശത്ത് ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ച സ്ഥിതിയാണുള്ളത്. മിയുണിലെ റിസര്‍വയോറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അധികൃതര്‍ ജലം തുറന്നുവിട്ടു. 1959‑ല്‍ റിസര്‍വയോര്‍ നിര്‍മിച്ചതിനുശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇവിടെ രേഖപ്പെടുത്തിയത്.

ചുഴലിക്കാറ്റില്‍ ബെയ്ജിങ്ങിലെ 130 ഗ്രാമങ്ങളിലെ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. മധ്യ ബെയ്ജിങ്ങില്‍നിന്ന് നൂറ് കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന തായ്ഷിതൂണ്‍ പട്ടണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി എട്ടുമണിക്കാണ് ബെയ്ജിങ് അധികൃതര്‍ ടോപ്പ് ലെവല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്രഖ്യാപിച്ചത്.

ആളുകളോട് വീടുകളില്‍ത്തന്നെ തുടരാനും സ്‌കൂളുകള്‍ അടച്ചിടാനും നിര്‍ദേശമുണ്ട്. കെട്ടിടനിര്‍മാണം, വിനോദസഞ്ചാരം അടക്കമുള്ള മേഖലകള്‍ക്ക് ഈ തടസ്സം ബാധകമാണ്. 2023‑ല്‍ ബെയ്ജിങ്ങും ഹെയ്‌ബെയ് പ്രവിശ്യയും കടുത്ത പ്രളയത്തിന് സാക്ഷിയായിരുന്നു. ചൊവ്വാഴ്ച രാവിലെ ബെയ്ജിങ്ങിലെ ചിലപ്രദേശങ്ങളില്‍ 30 സെന്റിമീറ്റര്‍ മഴ പ്രവചിക്കപ്പെട്ടിരുന്നു.

Exit mobile version