Site iconSite icon Janayugom Online

ഗാസയില്‍ ഇസ്രേയേല്‍ സൈന്യം നടത്തിയ വ്യോമാക്രമങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു

ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു 200ലധികം പേര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ആഴ്ചകളായി തുടരുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്കംഭിച്ചിതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഗാസയില്‍ ഇസ്രയേല്‍ സൈന്യം ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആയിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെട്ട താമസസ്ഥലങ്ങളിൽ ആക്രമണങ്ങൾ നടന്നതിനാൽ മരിച്ചവരിൽ പലരും കുട്ടികളാണെന്ന് പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഗാസ സിറ്റി, മധ്യ ഗാസയിലെ ദെയ്ര്‍ അല്‍-ബലായ്, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നതെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. 

ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി കൂടിയാലോചിച്ചിരുന്നതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ഗാസയില്‍ ആക്രമണം പുനരാരംഭിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. രാഷ്ട്രീയ തീരുമാനപ്രകാരം ഗാസ മുനമ്പിലെ ഹമാസ് ഭീകര കേന്ദ്രങ്ങളില്‍ നിലവില്‍ വിപുലമായ ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യം സാമൂഹിക മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി. ഗാസയ്ക്ക് സമീപമുള്ള എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാനും ഇസ്രായേല്‍ ഉത്തരവിട്ടു.

ബന്ദികളെ മോചിപ്പിക്കാനുള്ള നിര്‍ദേശം അവഗണിച്ചതും വെടിനിര്‍ത്തല്‍ നീട്ടാനുള്ള അമേരിക്കയുടെ നിര്‍ദേശം ഹമാസ് നിരസിച്ചതിനെയും തുടര്‍ന്നാണ് ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. അതേസമയം ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹമാസ് ആരോപിക്കുന്നു. എന്നാല്‍ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

Exit mobile version