ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലുകളുടെയും കൊല്ലപ്പെടുന്ന ജവാന്മാരുടെയും എണ്ണത്തില്‍ ഈ വര്‍ഷം ആദ്യ മൂന്നുമാസത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം സമാനകാലയളവില്‍ നടന്ന സംഭവങ്ങളെ താരതമ്യപ്പെടുത്തിയുള്ള സൈന്യത്തിന്റെ രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിരിക്കുന്നത്. ഏറ്റുമുട്ടലുകളില്‍ പരിക്കേല്‍ക്കുന്ന സൈനികരുടെ എണ്ണത്തില്‍ ഈ വര്‍ഷം 58 ശതമാനം വര്‍ധനവ് ഉണ്ടായെന്നും രേഖകള്‍ വ്യക്തമാക്കുന്നു. സൈനികരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഭീകരര്‍ ഒഴിവാക്കുകയാണെന്നും ഹിറ്റ് ആന്റ് റണ്‍, ഗ്രനേഡ് ആക്രമണങ്ങളിലാണ് അവര്‍ ഇപ്പോള്‍ കൂടുതലായും ശ്രദ്ധയൂന്നുന്നതെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു.
കേന്ദ്ര സായുധ പൊലീസ് സേനയെ ലക്ഷ്യമിട്ടാണ് കൂടുതല്‍ ഭീകരാക്രമണങ്ങളും നടക്കുന്നത്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ഭീകരര്‍ കൂടുതല്‍ അക്രമാസക്തരാകുന്നതായും സൈന്യത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കശ്മീര്‍ താഴ്‌വരയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കശ്മീര്‍ സന്ദര്‍ശിക്കും.
ഒരാഴ്ചക്കിടെ നിരവധി ആക്രമണങ്ങളാണ് കേന്ദ്ര ഭരണപ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ സൈനിക ക്യാമ്പിന് സമീപം നടന്ന ഏറ്റമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചിരുന്നു. മോഡിയുടെ ദ്വിദിന സന്ദര്‍ശനത്തിന് മുന്നോടിയായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ സാംബ ജില്ലയിലെ സുന്‍ജ്‌വാനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഈ വര്‍ഷം ഇതുവരെ 20 ഓളം ഭീകരരെ വധിക്കാനും സൈന്യത്തിന് സാധിച്ചിട്ടുണ്ട്.
മോഡിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ വാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെ മാര്‍ച്ചില്‍ മാത്രം അഞ്ച് പഞ്ചായത്തംഗങ്ങള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 15ന് ബാരാമുള്ളയില്‍ പഞ്ചായത്ത് പ്രസിഡന്റും കൊല്ലപ്പെട്ടു. കൂടാതെ വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടു. ഈ വര്‍ഷം ജനുവരിമാര്‍ച്ച് മാസങ്ങള്‍ക്കിടെ നാല് ജവാന്മാരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം രണ്ടായിരുന്നു.
നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ ഈ വര്‍ഷം ഇതുവരെ ആറ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇത് ആകെ എട്ട് ആയിരുന്നു. ഏറ്റുമുട്ടലുകളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 58 ശതമാനം വര്‍ധനവ് ഉണ്ടായി. ഗ്രനേഡ് ആക്രമണങ്ങളില്‍ 160 ശതമാനം വര്‍ധനവും മുഖാമുഖമുള്ള ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനവുമാണ് ഉണ്ടായത്. ഈ വര്‍ഷം 15 ജവാന്മാര്‍ക്ക് ഏറ്റമുട്ടലുകളില്‍ പരിക്കേറ്റു. ഗ്രനേഡ് ആക്രമണങ്ങളില്‍ എട്ട് പേര്‍ക്കും മുഖാമുഖമുള്ള ആക്രമണങ്ങളില്‍ ഏഴ് പേര്‍ക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷം ഈ കണക്ക് യഥാക്രമം 11, മൂന്ന്, രണ്ട് എന്നിങ്ങനെ ആയിരുന്നു.
English summary;Several terrorist attacks in a week; Terrorists power in Kashmir increases
You may also like this video;