Site iconSite icon Janayugom Online

ഗർഭസ്ഥ ശിശുവിന് ഗുരുതര വൈകല്യം; ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

തലച്ചോറിനും തലയ്ക്കും ഗുരുതരമായ വൈകല്യമുള്ള 31 ആഴ്ച പ്രായമായ ഗർഭസ്ഥ ശിശുവിനെ അബോർഷൻ ചെയ്യാൻ ദമ്പതികൾക്ക് കേരള ഹൈക്കോടതി അനുമതി നൽകി. കുട്ടി ജീവനോടെ ജനിക്കുകയാണെങ്കിൽ ഗുരുതരമായ ശാരീരിക വൈകല്യങ്ങൾ അനുഭവിക്കാൻ സാധ്യതയുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ഉത്തരവ്. ഗർഭം തുടരുന്നത് സ്ത്രീയുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയ കോടതി, അബോർഷൻ നിഷേധിക്കുന്നത് കുടുംബത്തിന്റെ ദുരിതം നീട്ടിക്കൊണ്ടുപോകാൻ മാത്രമേ സഹായിക്കൂ എന്ന് നിരീക്ഷിച്ചു. കോട്ടയം മെഡിക്കൽ കോളജിനോട് ഗർഭച്ഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചു.

ഗർഭച്ഛിദ്രം നടത്തുന്നതിന് മുൻപായി സ്കാനിംഗിലൂടെ വൈകല്യങ്ങൾ ഒരിക്കൽ കൂടി സ്ഥിരീകരിക്കണമെന്നും അമ്മയുടെ ജീവൻ രക്ഷിക്കാൻ ശാസ്ത്രീയമായ ഏറ്റവും മികച്ച രീതികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ, നടപടിക്രമങ്ങൾക്കിടെ കുട്ടി ജീവനോടെ പുറത്തെടുക്കപ്പെടുകയാണെങ്കിൽ ഇൻകുബേഷൻ ഉൾപ്പെടെയുള്ള എല്ലാ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ആശുപത്രി അധികൃതർ നൽകണം. കുട്ടി അതിജീവിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തവും ചികിത്സാ ചെലവും ദമ്പതികൾ തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന് മൈക്രോസെഫാലി ഉൾപ്പെടെയുള്ള തകരാറുകൾ ഉണ്ടെന്നും ഇത് ആജീവനാന്ത ശാരീരിക‑നാഡീവ്യൂഹ വൈകല്യങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.

Exit mobile version