Site iconSite icon Janayugom Online

സുഡാനില്‍ കൊടും പട്ടിണി: 239 കുട്ടികള്‍ മരിച്ചു

പടിഞ്ഞാറൻ സുഡാനിൽ ഭക്ഷണത്തിന്റെയും മരുന്നിന്റെയും അഭാവം മൂലം 239 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതലുള്ള കണക്കാണ് സുഡാന്‍ ഡോക്ടേഴ്സ് നെറ്റ്‍വര്‍ക്ക് എന്ന സംഘടന പുറത്തുവിട്ടത്. ജനുവരി മുതൽ ജൂൺ വരെകാലയളവിൽ ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ ഫാഷർ നഗരത്തിൽ പോഷകാഹാരക്കുറവും ഭക്ഷണത്തിന്റെയും വൈദ്യസഹായങ്ങളുടെയും ഗുരുതരമായ ക്ഷാമവും കാരണം മരിച്ച കുട്ടികളുടെ കണക്കാണ് സംഘടന രേഖപ്പെടുത്തിയത്. 

അർധസൈനിക സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർ‌എസ്‌എഫ്) ഉപരോധത്തിൻ കീഴിൽ തുടരുന്ന എൽ ഫാഷറില്‍ പോഷകാഹാര സംഭരണശാലകള്‍ തുടര്‍ച്ചയായി ലക്ഷ്യംവയ്ക്കുന്നുണ്ട്. ഒരു വർഷത്തിലേറെയായി ഉപരോധത്തിൽ കഴിയുന്ന ഡാർഫറിലെ കുട്ടികളെ അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണ്. 

എൽ ഫാഷറും വടക്കൻ ഡാർഫറിനു ചുറ്റുമുള്ള ക്യാമ്പുകളും ഭക്ഷണത്തിന്റെയും വൈദ്യസഹായങ്ങളുടെയും പൂർണമായ അഭാവവും അവശ്യവസ്തുക്കള്‍ക്ക് താങ്ങാനാവാത്ത വിലയും നേരിടുന്നുണ്ടെന്ന് സംഘടന പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. എൽ ഫാഷറിലെ അവശേഷിക്കുന്ന സാധാരണക്കാരെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഡോക്ടേഴ്സ് നെറ്റ്‍വര്‍ക്ക് ആവശ്യപ്പെട്ടു. യുഎൻ സെക്രട്ടറി ജനറൽ നിർദേശിച്ച വെടിനിർത്തൽ അംഗീകരിക്കാനും നടപ്പിലാക്കാനും പ്രാദേശിക, അന്തർദേശീയ സംഘടനകള്‍ ആര്‍എസ്എഫില്‍ സമ്മര്‍ദം ചെലുത്തണമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

Exit mobile version