Site iconSite icon Janayugom Online

കനത്ത ചൂടും ഫംഗസ് ബാധയും; ഉൾനാടൻ മത്സ്യകൃഷി പ്രതിസന്ധിയില്‍

കനത്ത ചൂടും ഫംഗസ് ബാധയും ജല ദൗർലഭ്യവും ഉൾനാടൻ മത്സ്യകൃഷിയെ പ്രതിസന്ധിയിലാക്കുന്നു. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നടത്തുന്ന മത്സ്യകൃഷി ഇപ്പോൾ വൻ നഷ്ടത്തിലാണ്. ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് മത്സ്യങ്ങൾ വൻ തോതിൽ ചത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഫംഗസ് രോഗബാധ കുളങ്ങളിലും ഫാമുകളിലും പടരുന്നുണ്ട്. കുട്ടനാട്ടിലെ തകഴി കൃഷിഭവൻ പരിധിയിലെ ചെത്തിക്കളത്തിൽ സായുജിന്റെ വിളവെടുക്കാറായ തിലോപ്പിയ അടക്കമുള്ള മത്സ്യങ്ങൾ കഴിഞ്ഞ ദിവസം കുട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ജലനിരപ്പു താഴുകയും വെള്ളം ചൂടാകുകയും ചെയ്യുമ്പോൾ തളർന്നു പൊങ്ങിക്കിടക്കുകയും പിന്നാലെ ചാവുകയുമാണ്. 

കോവിഡ് മഹാമാരിക്കിടയിലും കഴിഞ്ഞവർഷം സംസ്ഥാനത്ത് 34,987 ടൺ മത്സ്യം കർഷകർ അധികമായി ഉത്പാദിപ്പിച്ചിരുന്നു. 2019–20 സാമ്പത്തികവർഷം 25,081 ടണ്ണായിരുന്നു ഉൽപ്പാദനം. 40 ശതമാനത്തോളമാണ് വർധന. കോവിഡ് പാക്കേജിന്റെ ഭാഗമായി സംസ്ഥാന സർക്കാർ തുടങ്ങിയ സുഭിക്ഷകേരളം പദ്ധതിപ്രകാരം മാത്രം മത്സ്യകൃഷിയിലേക്ക് ആറായിരത്തിലേറെ സംരംഭകരെത്തി. 4,186 പടുതാക്കുളങ്ങൾ സ്ഥാപിച്ച് മത്സ്യകൃഷി തുടങ്ങി.
കൃത്രിമക്കുളങ്ങൾ സ്ഥാപിച്ച് രണ്ടായിരത്തിലേറെ ബയോഫോക്ക് യൂണിറ്റുകളും പുതുതായി വന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയ പ്രവാസികളുമാണ് പദ്ധതിയുടെ ഭാഗമായവരിൽ പകുതിയിലേറെയും. എൻജിനീയറിങ് വിദ്യാർഥികൾവരെ സുഭിക്ഷകേരളം പദ്ധതിയിൽ പങ്കാളികളായിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. ജനകീയ മത്സ്യകൃഷിക്ക് 98 കോടിയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 74 കോടിയും സബ്സിഡി ഇനത്തിൽ കർഷകർക്ക് തന്നെ ലഭിക്കുകയും ചെയ്തു. 

കോവിഡ് കാരണം ഇടയ്ക്കിടെ തുറമുഖങ്ങൾ അടഞ്ഞുകിടന്നതും ട്രോളിങ് നിരോധനവും ഉൾനാടൻ മത്സ്യക്കർഷകർക്ക് ഗുണകരമായി. ആവശ്യക്കാർ കുറവായിരുന്നതിനാൽ, മുൻപ് വളർത്തുമീൻ വിൽപ്പന ബുദ്ധിമുട്ടായിരുന്നു. ഇക്കൊല്ലം ആവശ്യക്കാരേറി സാമാന്യം നല്ല വില ലഭിക്കുന്നതിനിടെയിലാണ് കാലാവസ്ഥ വ്യതിയാനം ഉൾനാടൻ മത്സ്യകൃഷിയെ പാടെ നശിപ്പിക്കുന്നത്. ആറ്റ് കൊഞ്ച് അടക്കമുള്ള വളർത്ത് കേന്ദ്രങ്ങളിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചാവുന്നത് നോക്കി നിൽക്കാനേ കർഷകർക്ക് കഴിയുന്നുള്ളു. 

Eng­lish Summary:Severe heat and fun­gal infec­tions; Inland fish­eries in crisis
You may also like this video

Exit mobile version