മനുഷ്യന്റെ അതിജീവന പരിധിക്കപ്പുറമുള്ള ഉഷ്ണതരംഗങ്ങൾക്ക് ഇന്ത്യ ഉടൻ സാക്ഷിയാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. രാജ്യത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടാകുമെന്നും ഈ സ്ഥിതി ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമെന്നും ‘ക്ലൈമറ്റ് ഇന്‍വസ്റ്റ്മെന്റ് ഓപ്പര്‍ചുനിറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിങ് സെക്ടര്‍’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ മുനുഷ്യന്റെ അതിജീവന പരിധി ലംഘിക്കുന്ന ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടുന്ന ലോകത്തിലെ ആദ്യത്തെ സ്ഥലങ്ങളിൽ ഒന്നായി ഇന്ത്യമാറുമെന്നും ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള സർക്കാരുമായി സഹകരിച്ച് ലോകബാങ്ക് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ന് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.
സമീപ വര്‍ഷങ്ങളിലായി അതിരൂക്ഷ ഉഷ്ണ തരംഗങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ആയിരക്കണക്കിന് പേരുടെ ജീവഹാനിക്ക് കാരണമായി. ഈ വര്‍ഷം മാര്‍ച്ച്-മേയ് മാസങ്ങളില്‍ അതികഠിനമായ ഉഷ്ണതരംഗമാണ് ഇന്ത്യയിലുണ്ടായത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ചൂടാണ് ഈ വര്‍ഷം മാര്‍ച്ചില്‍ അനുഭവപ്പെട്ടത്. രാഷ്ട്രതലസ്ഥാനമായ ഡല്‍ഹിയില്‍ ഏപ്രിലില്‍ 46 ഡിഗ്രി സെല്‍ഷ്യസ് താപനില വരെ രേഖപ്പെടുത്തിയിരുന്നു.
വരും ദശകങ്ങളില്‍ ഇന്ത്യൻ ഉപഭൂഖണ്ഡം കൂടുതൽ തീവ്രവായ ഉഷ്ണതരംഗങ്ങള്‍ അനുഭവിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചും (ഐപിസിസി) മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാര്‍ബണ്‍ ബഹിര്‍ഗമനം ഇനിയും വര്‍ധിച്ചാല്‍ വരും ദശകങ്ങളില്‍ ഇന്ത്യയിലെ ഉഷ്ണതരംഗങ്ങളുടെ തീവ്രത 25 മടങ്ങ് അധികമായിരിക്കുമെന്ന് ജി20 ക്ലൈമറ്റ് റിസ്ക് അറ്റ്ലസ് പ്രവചിച്ചിരുന്നു. താപനിലയിലുണ്ടാകുന്ന ക്രമാതീതമായ വര്‍ധനവ് സാമ്പത്തിക ഉല്പാദനക്ഷമതയെ അപകടത്തിലാക്കും. ചൂടിലുണ്ടാകുന്ന വര്‍ധന 38 കോടിയോളം വരുന്ന തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Severe heat waves are likely in India
You may also like this video