Site iconSite icon Janayugom Online

അറബിക്കടലിനു മുകളില്‍ തീവ്രന്യൂനമര്‍ദ്ദം

മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴ കനക്കുമന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .തീവ്രന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന കര്‍ണാടക വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മേല്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല്‍ തീവ്ര ന്യൂനമര്‍ദവുമായി ചേര്‍ന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. ചുഴലിക്കാറ്റായി മാറാന്‍ സാധ്യത, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഒക്ടോബര്‍ 25-നകം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനും, ഒക്ടോബര്‍ 26-നകം തീവ്രന്യൂനമര്‍ദമായും, തുടര്‍ന്ന് ഒക്ടോബര്‍ 27‑നു രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യത.

മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Exit mobile version