ലൈംഗികാരോപണ പരാതിയില്‍ പൊലീസ് സമന്‍സുകള്‍ അവഗണിക്കാന്‍ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. നേരിട്ടോ ഫോണിലൂടെയോ മറ്റേതെങ്കിലും രീതിയിലോ എന്തെങ്കിലും പ്രസ്താവനകൾ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ജീവനക്കാര്‍ക്ക് ഗവര്‍ണര്‍ നിർദേശം നൽകി.
ഭരണഘടനയുടെ ആർട്ടിക്കിൾ 361 (2), (3) പ്രകാരം ഗവർണര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസിന് അധികാരമില്ലെന്ന് രാജ്ഭവന്‍ പറയുന്നു. രാജ്ഭവനിലെ ഒരു താല്‍ക്കാലിക ജീവനക്കാരിയാണ് ഗവര്‍ണര്‍ രണ്ടുതവണ ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ലൈംഗികാരോപണം പ്രതികാര നടപടിയെന്നാണ് ഗവർണറുടെ നിലപാട്.
അതേസമയം രാജ്ഭവൻ ജീവനക്കാർക്ക് ബംഗാൾ പൊലീസ് വീണ്ടും നോട്ടീസ് അയച്ചു. മൂന്ന് ജീവനക്കാരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും മൂന്ന് ഉദ്യോഗസ്ഥർ ഹാജരായിരുന്നില്ല.
നേരത്തെ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കേണ്ടതില്ലെന്നും രാജ്ഭവന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ ഗവര്‍ണര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ബിജെപിക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു.
English Summary:Sex Allegation Against Governor; Raj Bhavan ignores police summons
You may also like this video