Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും. രാഹുലിനെതിരെ ഇതുവരെ ആരും നേരിട്ട് പരാതി നൽകാത്തതിനാൽ ക്രൈംബ്രാഞ്ച് അങ്ങോട്ട് ചെന്ന് രേഖപ്പെടുത്തുന്ന മൊഴികളിൽ ശക്തമായ തെളിവുകൾ ലഭിച്ചാലെ അന്വേഷണം മുന്നോട്ട് നീങ്ങു. സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത്.

ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ‑മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.

അതിനിടെ, ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണെന്ന് സ്പീക്കറെ അറിയിക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അടുത്തയാഴ്ച നിയസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നീക്കം. ഗർഭഛിദ്ര ശബ്ദരേഖയിലെ യുവതിയെ കണ്ടെത്താൻ മാധ്യമപ്രവർത്തകരിൽ നിന്നും വിവരം ശേഖരിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയെന്ന റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. അംഗങ്ങൾക്ക് സഭയിൽ പങ്കെടുക്കുന്നതിൽ തടസമില്ല. രാഹുലിനെതിരെ പ്രതിഷേധം ഉണ്ടാവുമോ എന്ന കാര്യം തനിക്ക് പറയാനാവില്ലെന്നും എ എൻ ഷംസീർ പറഞ്ഞു.

Exit mobile version