കോഴിക്കോട് നഗരത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് പതിനേഴുകാരിയുടെ മൊഴി. അസം സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. പ്രണയം നടിച്ച് അസം സ്വദേശിയായ യുവാവാണ് കോഴിക്കോട് എത്തിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് ഇയാള്‍ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. ഇയാൾക്കായി മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നു. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോവുന്നതെന്നും ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും മൊഴിയിലുണ്ട്. ഒരാഴ്ചമുൻപ് മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് പെൺകുട്ടി രക്ഷപ്പെടുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

