കർണാടകയിലെ ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റ് പിടിയില്‍. സംഘത്തിന്റെ വലയിലകപ്പെട്ട 12 പെൺകുട്ടികളെ ചിത്രദുർഗ പൊലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തമിഴ്‌നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ് രക്ഷിച്ചത്. ഹോട്ടൽ മാനേജറായ സ്ത്രീ ഉൾപ്പെടെ നടത്തിപ്പുകാരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിത്രദുർഗയിലെ പ്രജ്വാൽ എന്ന ഹോട്ടൽ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുടെ പിൻഭാഗത്ത് പ്രത്യേക വാതിൽ ഒരുക്കിയാണ് സംഘം ‘ആവശ്യക്കാരെ’ കടത്തി വിട്ടിരുന്നതെന്നും പൊലീസ് കണ്ടെത്തി.
പ്രത്യേകമായി തയ്യാറാക്കിയ വാതിലിലും ശുചിമുറിയുടെ ചുമരിലും ഒരേ നിറത്തിലുള്ള ടൈൽ പതിച്ചിരുന്നു. കഷ്ടിച്ച് ഒരാൾക്ക് നുഴഞ്ഞ് കയറാൻ മാത്രം കഴിയുന്ന വലിപ്പമാണ് ഈ അറയ്ക്ക് ഉണ്ടായിരുന്നത്. പെട്ടന്ന് കണ്ടെത്താനാകാത്ത രീതിയിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് നടത്തിയ പരിശോധനയിലാണ് ശുചിമുറിക്കുള്ളിലെ പ്രത്യേക അറ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് പെൺകുട്ടികളെ ഹോട്ടലിൽ എത്തിച്ചതെന്ന് മാനേജർ പൊലീസിനോട് വെളിപ്പെടുത്തി.
English summary;sex racket nabbed in Karnataka
You may also like this video;