Site iconSite icon Janayugom Online

പ്രസിഡന്റിനെതിരായ ലൈം ഗികാതിക്രമം: സ്ത്രീ സുരക്ഷ ശക്തമാക്കാനുള്ള പദ്ധതിയുമായി മെക്സിക്കോ

പൊതുസ്ഥലത്തുവച്ച് പ്രസിഡന്റ് കൗഡിയ ഷെയിന്‍ബൗമിന് നേരെ ലൈംഗികാതിക്രമമുണ്ടായതിന് പിന്നാലെ രാജ്യത്ത് സ്ത്രീ സുരക്ഷ ശക്തമാക്കാന്‍ പ്രത്യേക പദ്ധതിയുമായി മെക്സിക്കോ. സംഭവത്തിന് പിന്നാലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് നടപടി. സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കുക, ഇത്തരം സംഭവങ്ങളുണ്ടായാല്‍ പരാതിപ്പെടാന്‍ സ്ത്രീകള്‍ക്ക് ധൈര്യം പകരുക, ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ അഭിഭാഷകര്‍ക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കുമെന്ന് വനിതാ വകുപ്പ് സെക്രട്ടറി സിട്ലാല്ലി ഹെര്‍നാണ്ടസ് പറ‌ഞ്ഞു. പൊതുസ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍, സ്കൂളുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിലൂടെ സ്ത്രീ സുരക്ഷ സംബന്ധിച്ച ബോധവല്ക്കണ കാമ്പയിന്‍ ശക്തമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 

ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ നിങ്ങള്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍ പാടില്ലെന്നാണ് മെക്സിക്കോയിലെ പെണ്‍കുട്ടികള്‍, യുവതികള്‍ തുടങ്ങി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളോട് പറയാനുള്ളത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ധൈര്യത്തോടെ മുന്നോട്ടുവരണമെന്നും ഹെര്‍നാണ്ടസ് പറഞ്ഞു. നിങ്ങളെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്കൊരു പ്രസിഡന്റുണ്ടെന്നും അവര്‍ പറഞ്ഞു. മെക്സിക്കോ സിറ്റിയിലൂടെ നടക്കവെയാണ് ഒരു മദ്യപാനി പ്രസിഡന്റിനെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ മെക്സിക്കോ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉടലെടുത്തിരുന്നു. കോടിക്കണക്കിന് മെക്സിക്കന്‍ സ്ത്രീകള്‍ പ്രതിദിനം നേരിടുന്ന പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്ന സംഭവമായിരുന്നു അത്. 

Exit mobile version