Site iconSite icon Janayugom Online

വേടനെതിരായ ലൈംഗികാതിക്രമ പരാതി; പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ

റാപ്പർ വേടനെതിരായ (ഹിരൺദാസ് മുരളി) ലൈംഗികാതിക്രമ കേസിൽ പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. മൊഴി നൽകാനായി പൊലീസ് അയച്ച നോട്ടീസിനെതിരെയാണ് ഗവേഷക വിദ്യാർത്ഥിനിയായ പരാതിക്കാരി ഹർജി നൽകിയിരിക്കുന്നത്.
പൊലീസ് നൽകിയ നോട്ടീസിൽ തന്റെ വ്യക്തിവിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, ഈ വിവരങ്ങൾ പുറത്തുവിടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകണമെന്നും പരാതിക്കാരി ഹർജിയിൽ ആവശ്യപ്പെട്ടു.

അതേസമയം, പരാതിക്കാരിയുടെ മൊഴിയില്ലാതെ കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. മൊഴിയെടുക്കാനുള്ള പൊലീസ് നോട്ടീസിൽ പരാതിക്കാരി ഇതുവരെ പ്രതികരിക്കാത്തതിനാൽ കേസ് അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് വേടനെതിരെ കേസെടുത്തത്. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. കേസിൽ വേടനെ പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു.

Exit mobile version