വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരെ കേസെടുത്തു. സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി ശശിധരനെതിരെയാണ് പരാതി. സര്‍വകലാശാലയിലെ രണ്ടു ഗവേഷക വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയിരിക്കുന്നത്. സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന അധ്യാപകന്‍ ഇയാളുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി.
മേയ് 11, 19 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. ആറുവര്‍ഷം മുമ്പാണ് അധ്യാപകൻ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചത്. എന്നാൽ പഠന ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥിനികൾ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു. മേയ് 11ാം തീയതി അധ്യാപകന്റെ വീട്ടിലെത്തിയ ഗവേഷക വിദ്യാര്‍ത്ഥിനിയെ മദ്യലഹരിയിലായിരുന്ന ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മേയ് 19‑നാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ രണ്ടാമത്തെ ഗവേഷക വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.
പിന്നീട് വകുപ്പ് മേധാവി മുഖേന രജിസ്ട്രാര്‍ക്ക് വിദ്യാര്‍ത്ഥിനികൾ പരാതി നല്‍കി. സര്‍വകലാശാല രജിസ്ട്രാര്‍ കൈമാറിയ പരാതിയില്‍ വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.
English Summary: sexual harassment against students in calicut university former teacher booked
You may also like this video