Site iconSite icon Janayugom Online

വിൽ സ്മിത്തിനെതിരെ ലൈംഗിക പീഡനാരോപണം; പരാതിയുമായി വയലിനിസ്റ്റ്

ഹോളിവുഡ് നടൻ വിൽ സ്മിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി വയലിനിസ്റ്റ്. റാപ്പർ കൂടിയായ സ്മിത്തിന്റെ കഴിഞ്ഞ വർഷത്തെ മ്യൂസിക് ടൂറിലുണ്ടായിരുന്ന ബ്രയാൻ കിംഗ് ജോസഫ് എന്ന വയലിനിസ്റ്റ് ആണ് പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക പീഡനത്തിനും അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനും ബ്രയാൻ വിൽ സ്മിത്തിനും നടന്റെ കമ്പനിയായ ട്രേബോൾ സ്റ്റുഡിയോ മാനേജ്‌മെന്റിനും എതിരെ ലോസ് ഏഞ്ചൽസ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 

വിൽ സ്മിത്തിന്റെ ‘ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി 2025’ പര്യടനത്തിനിടെ ലാസ് വെഗാസിലെ ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം. തന്റെ ഹോട്ടൽ മുറിയിൽ ആരോ അതിക്രമിച്ചു കയറിയതായും അവിടെ ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ, മറ്റൊരാളുടെ പേര് പതിച്ച എച്ച്ഐവി മരുന്നുകൾ, മദ്യക്കുപ്പി തുടങ്ങിയവ ഉപേക്ഷിച്ചതായും ബ്രയാൻ പരാതിയിൽ പറയുന്നു. 

സംഭവം ടൂർ മാനേജ്‌മെന്റിനെയും ഹോട്ടൽ സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചതിനെത്തുടർന്ന്, ബ്രയാൻ കള്ളം പറയുകയാണെന്ന് മാനേജ്‌മെന്റ് ആരോപിക്കുകയും ദിവസങ്ങൾക്കുള്ളിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ലൈംഗിക ചൂഷണത്തിനായി വിൽ സ്മിത്ത് തന്നെ ‘ഗ്രൂം’ ചെയ്യുകയായിരുന്നു എന്ന് ബ്രയാൻ പരാതിയിൽ ആരോപിക്കുന്നു. “നമ്മൾ തമ്മിൽ പ്രത്യേകമായ ഒരു ബന്ധമുണ്ട്” എന്ന് സ്മിത്ത് തന്നോട് പറഞ്ഞിരുന്നതായും ബ്രയാൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തെ തുടർന്ന് തനിക്ക് പിടിഎസ്ഡി ബാധിച്ചതായും സാമ്പത്തിക നഷ്ടം ഉണ്ടായതായും ബ്രയാൻ പറഞ്ഞു. അതേസമയം വിൽ സ്മിത്തോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ കലാകാരനാണ് ബ്രയാൻ കിംഗ് ജോസഫ്.

Exit mobile version