Site iconSite icon Janayugom Online

വകുപ്പ് മേധാവിക്കെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതി: നടപടി എടുക്കാതിരുന്നതില്‍ മനംനൊന്ത് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു

വകുപ്പ് മേധാവിക്കെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നടപടി എടുക്കാതിരുന്നതില്‍ മനംനൊന്ത് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു. ബാലസോറിലെ ഫക്കീർ മോഹൻ സ്വയംഭരണ കോളേജിലെ 20 വയസ്സുള്ള വിദ്യാർഥിനി 95 ശതമാനം പൊള്ളലേറ്റ് ഭുവനേശ്വറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോളജ് അധികൃതര്‍ പരാതി ഗൗരവമായെടുത്തില്ലെന്നാണ് ആരോപണം.

സംഭവുമായി ബന്ധപ്പെട്ട് വകുപ്പുമേധാവി പ്രൊഫ. സമീർകുമാർ സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി സ്വീകരിക്കാൻ വൈകിയതിന് കോളജ് പ്രിൻസിപ്പൽ ദിലീപ് കുമാർ ഘോഷിനെ വിദ്യാഭ്യാസവകുപ്പ് സസ്‌പെൻഡ്ചെയ്തു. വിഷയത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് മൂന്നുദിവസത്തിനുള്ളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ ജൂലായ് ഒന്നിനാണ് രണ്ടാംവർഷ ബിരുദ വിദ്യാർഥിനി, പ്രൊഫസർക്കെതിരേ പ്രിൻസിപ്പലിന് പരാതി നൽകിയത്. 

മോശമായി പെരുമാറിയെന്നും തനിക്ക് വഴങ്ങിയില്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. എന്നാൽ, കോളജ് അധികൃതർ നടപടിയെടുത്തില്ല. തുടർന്ന് ശനിയാഴ്ചയാണ് വിദ്യാർഥിനി പെട്രോളൊഴിച്ച് തീകൊളുത്തിയത്. രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് സഹപാഠികൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി മോഹൻ ചരൺ മാജി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Exit mobile version