Site iconSite icon Janayugom Online

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: ആഭ്യന്തര പരാതി സമിതി വേണം

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോഷ് നിയമം 2013 ഫലപ്രദമായി നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമാ എസ് കോലി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ തടയാനും ഉണ്ടായാല്‍ പരിഹാരം കണ്ടെത്താനും കൊണ്ടുവന്ന നിയമം കാര്യക്ഷമമായി നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചത്. അതിക്രമം നേരിടേണ്ടി വന്ന സ്ത്രീകള്‍ക്ക് പരാതി നല്കാനായി കേന്ദ്ര‑സംസ്ഥാന‑കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സമിതി രൂപീകരിച്ചോ എന്ന് സമയബന്ധിതമായി പരിശോധിക്കണമെന്നതാണ് മുഖ്യ നിര്‍ദേശം.

പോഷ് ആക്ട് പ്രകാരം രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കിയ ബോംബെ ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പൊതു മേഖലാ സ്ഥാപനങ്ങള്‍, ബാര്‍ കൗണ്‍സില്‍, ഡോക്ടര്‍മാരുടെ സംഘടനകള്‍, സര്‍വകലാശാല, കോളജുകള്‍, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന സമസ്ത മേഖലകളിലും ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണം. പോഷ് നിയമത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാകണം സമിതിക. 

പരാതി ഓണ്‍ ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ക്കൊപ്പം സമിതിയുടെ അംഗങ്ങളുടെ പേരു വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്ഥാപനങ്ങള്‍ സ്വന്തം വെബ്‌സൈറ്റില്‍ ലഭ്യമാക്കുകയും കാലാകാലങ്ങളില്‍ ഇത് പുതുക്കുകയും വേണം. പരാതികള്‍ ലഭിച്ചാലുടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വനിതാ ജീവനക്കാര്‍ക്ക് നിയമത്തെക്കുറിച്ച് അറിവു പകരാന്‍ സെമിനാറുകളും ബോധവല്‍ക്കരണവും സംഘടിപ്പിക്കണം. ഇതിനായി ദേശീയ ലീഗല്‍ സെല്‍ അതോറിറ്റിയുടെയും സംസ്ഥാന ലീഗല്‍ സെല്‍ അതോറിറ്റിയുടെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കേന്ദ്ര സര്‍ക്കാരിലെ വകുപ്പു സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് നല്കണമെന്നും ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കിയതിന്റെ പുരോഗതി എട്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കണം. 

Eng­lish Summary;Sexual harass­ment in the work­place: Inter­nal com­plaints com­mit­tee needed

You may also like this video

Exit mobile version