പ്രായപൂർത്തിയാകാത്ത സ്കൂൾകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരനായ ഇന്ത്യക്കാരനു നേരെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കാനഡ. ആറുമാസത്തെ സന്ദർശന വിസയിൽ പേരക്കുട്ടിയെ കാണാൻ കാനഡയിലെത്തിയ ജഗ്ജിത്ത് സിങ്ങിനാണ് കോടതി വിലക്ക് കൽപിച്ചത്.
രാജ്യത്തെ സർനിയയിലുള്ള പ്രാദേശിക ഹൈസ്‌ക്കൂളിലെ രണ്ടു പെൺകുട്ടികളെ കടന്നുപിടിക്കുകയും അവരോട് മയക്കുമരുന്നിനെയും മദ്യത്തെയും കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കൂടാതെ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്താനും ഇവരെ പിന്തുടരാനും ഇയാൾ ശ്രമിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
ഇയാൾ സ്കൂളിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലൈഗികാതിക്രമത്തിന് പൊലീസ് സിങ്ങിനെ അറസ്റ്റ് ചെയ്തു. പിന്നാലെ കോടതിയിൽ ഹാജരാക്കി. സ്വന്തം പേരക്കുട്ടി ഒഴികെ പതിനാറ് വയസിന് താഴെയുള്ള ഒരു കുട്ടികളോടും സംസാരിക്കാനോ അവരുമായി സഹകരിക്കാനോ പാടില്ലെന്ന കോടതി നിർദേശിക്കുകയായിരുന്നു.

