Site iconSite icon Janayugom Online

ലൈംഗിക വൈകൃതം വിവാഹ മോചനത്തിന് ബലമേകും: ഹൈക്കോടതി

ഭാര്യയോട് ലൈംഗികത വൈകൃതം കാണിക്കുന്നത് ക്രൂരതയാണെന്നും അത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്നും ഹൈക്കോടതി. ജസ്റ്റിസുമാരായ അമിത് റാവലും സി എസ് സുധയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. രണ്ട് മുതിർന്നവർ അവരുടെ കിടപ്പുമുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, എങ്ങനെ എന്നത് അവരുടെ തിരഞ്ഞെടുപ്പാണ്.

എന്നാൽ പങ്കാളികളിൽ ഒരാൾ മറ്റേയാളുടെ പ്രവൃത്തിയെ എതിർക്കുന്നുവെങ്കിൽ അത് ശാരീരികവും മാനസികവുമായ ക്രൂരതയായി മാത്രമേ കാണാനാകൂവെന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനം നൽകണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

2009ലാണ് പരാതിക്കാരി വിവാഹിതയായത്. 17 ദിവസത്തിനു ശേഷം ഭർത്താവ് ജോലിക്കായി വിദേശത്തേക്ക് പോയി. ഈ 17 ദിവസത്തിനിടെ ഭർത്താവ് തന്നെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കിയെന്നും അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി. ആ ബന്ധത്തിൽ താല്പര്യമില്ലാത്തതിനാൽ വിവാഹമോചനത്തിനായി എറണാകുളം കുടുംബ കോടതിയെ സമീപിച്ചെങ്കിലും വിവാഹമോചനം അനുവദിച്ചില്ല.

വിവാഹമോചനം തേടാൻ വേണ്ടി മാത്രമാണ് ആരോപണമെന്നായിരുന്നു ഭർത്താവിന്റെ വാദം. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി വിവാഹമോചനം അനുവദിച്ച് ഉത്തരവായി.

Eng­lish Sum­ma­ry: Sex­u­al per­ver­si­ty can be grounds for divorce: High Court
You may also like this video

Exit mobile version