Site iconSite icon Janayugom Online

‘ചെറുപ്പത്തിൽ അച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചു’: ഡല്‍ഹി വനിതാ കമ്മിഷൻ അധ്യക്ഷ

കുട്ടിക്കാലത്ത് പിതാവില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഡല്‍ഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. താൻ കുട്ടിയായിരുന്നപ്പോൾ തന്നെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി അവര്‍ വെളിപ്പെടുത്തി. ‘അദ്ദേഹം എന്നെ മർദിക്കാറുണ്ടായിരുന്നു, പേടിച്ച് ഞാൻ കട്ടിലിനടിയിൽ ഒളിച്ചിരിക്കാറുണ്ടായിരുന്നു’- സ്വാതി പറ‍ഞ്ഞു.

 സ്വാതി മലിവാളിന്റെ വാക്കുകള്‍:

‘ചെറുപ്പത്തിൽ എന്റെ സ്വന്തം പിതാവ് എന്നെ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു, അദ്ദേഹം എന്നെ ഒരുപാട് മർദ്ദിച്ചിട്ടുണ്ട്. അദ്ദേഹം വീട്ടിലേക്ക് വരുന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു, പലപ്പോഴും കട്ടിലിനടിയിൽ ഞാൻ ഒളിച്ചു. ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന പുരുഷൻമാരെ എങ്ങനെ പാഠം പഠിപ്പിക്കാമെന്ന് ഞാൻ എല്ലാ രാത്രികളിലും ആലോചിക്കുകയും പദ്ധതിയിടുകയും ചെയ്യാറുണ്ടായിരുന്നു.
മുടിയിൽ പിടിച്ച് ചുമരിൽ തല ഇടിപ്പിക്കാറുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിൽ നിന്ന് രക്തം വരും. ഇത്തരത്തിൽ ഒരുപാട് ക്രൂരതകൾ ഏൽക്കേണ്ടി വരുമ്പോൾ മറ്റുള്ളവരുടെ വേദനകൾ മനസിലാകുന്നവരായി അവര്‍ വളരും. ഇത്തരം വ്യവസ്ഥിതികളെ ഇളക്കിമറിക്കാൻ പോന്ന ഒരു തീ അവര്‍ക്കുള്ളിൽ ഉരുത്തിരിയുമെന്നും അവര്‍ പറഞ്ഞു. നാലാം ക്സാസിൽ പഠിക്കുന്നതുവരെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. അപ്പോൾ പലതവണ ഈ പീഡനം നടന്നിരുന്നു. എട്ടാം വയസിൽ പിതാവ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയ ഖുശ്ബുവിന്റെ അനുഭവം കേട്ടു, അതും കഠിനമായ അനുഭവമാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പിതാവില്‍ നേരിട്ട പീഡനത്തെക്കുറിച്ച് ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വാതി മലിവാളിന്റെയും വെളിപ്പെടുത്തല്‍.

Eng­lish Sum­ma­ry: Sex­u­al­ly abused by my father when I was a child: DCW chief Swati Maliwal
You may also like this video

Exit mobile version