Site iconSite icon Janayugom Online

ശരദ് പവാറിന്റെ എന്‍സിപിക്ക് പുതിയ പേര്

മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ശരദ് പവാറിന് പുതിയ പാര്‍ട്ടി പേര് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് ചന്ദ്ര പവാര്‍ എന്നാകും പുതിയ പേരെന്ന് കമ്മിഷൻ അറിയിച്ചു.
പാര്‍ട്ടിയില്‍ നിന്നും കൂറുമാറി ഏക്‌നാഥ് ഷിന്‍ഡെ ഭാഗത്തേക്ക് കുടിയേറിയ ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറിന്റേതാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് കമ്മിഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാര്‍ പക്ഷത്തിന് കമ്മിഷൻ അനുവദിച്ചിരുന്നു. ഉടന്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പേര് ഉപയോഗിക്കാമെന്ന് കമ്മിഷൻ അറിയിച്ചു. എന്നാല്‍ പുതിയ ചിഹ്നം അനുവദിച്ചു നല്‍കിയിട്ടില്ല.

ഡിഎംകെ ഉപയോഗിക്കുന്നതിന് സമാനമായ ഉദയസൂര്യൻ, ഇന്ത്യൻ നാഷണല്‍ ലോക്ദളിന് സമാനമായ കണ്ണട, ആല്‍മരം എന്നിവയില്‍ നിന്നും ചിഹ്നം തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പേരും ചിഹ്നവും തീരുമാനിച്ച് ഇന്നലെ വൈകിട്ട് നാലു മണിക്കുള്ളില്‍ അറിയിക്കാന്‍ ശരദ് പവാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശവും നല്‍കിയിരുന്നു. നിരവധി നേതാക്കളുമായും നിയമജ്ഞരുമായും പവാര്‍ ചര്‍ച്ച നടത്തി.

Eng­lish Sum­ma­ry: Sharad Pawar’s NCP has a new name

You may also like this video

Exit mobile version