Site icon Janayugom Online

മൈഹാര്‍ ക്ഷേത്രത്തിലെ മുസ്‍ലിം ജീവനക്കാരെ പിരിച്ചുവിടുന്നു

മൂന്നര പതിറ്റാണ്ടായി മൈഹാറിലെ ശാരദ ദേവി ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന രണ്ട് മുസ്ലിം ജീവനക്കാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ക്ഷേത്രത്തിലെ ലീഗല്‍ അഡ്വൈസര്‍ ആബിദ് ഹുസൈന്‍, ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ജലവിതരണം നടത്തുന്ന അയൂബ് എന്നിവരെയാണ് ജോലിയില്‍നിന്ന് പിരിച്ചു വിടുക. ഇതുസംബന്ധിച്ച്‌ സംസ്ഥാന മത ട്രസ്റ്റ് മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി പുഷ്പകലേഷ് ഒപ്പിട്ട ഉത്തരവ് ക്ഷേത്ര കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ജനുവരി 17ന് ഇറക്കിയ ഉത്തരവ് നടപ്പാക്കണമെന്നും ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഇതിലെ നിര്‍ദേശം.

മുസ്‌ലിം ജീവനക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ എന്നീ തീവ്ര ഹിന്ദുത്വ സംഘടനകള്‍ മത ട്രസ്റ്റുകളുടെയും ധര്‍മ സ്വത്തുക്കളുടെയും സാംസ്കാരിക വകുപ്പിന്റെയും ചുമതലയുള്ള മന്ത്രി ഉഷ സിങ് താക്കൂറിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ 35 വര്‍ഷമായി ക്ഷേത്ര സമിതിയിലെ സ്ഥിരം ജീവനക്കാരാണ് പിരിച്ചുവിടുന്ന ആബിദ് ഹുസൈനും അയൂബും. ക്ഷേത്രത്തിന് സമീപമുള്ള മാംസ വില്‍പന ശാലകളും മദ്യ വില്‍പന കേന്ദ്രങ്ങളും നീക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Shar­da tem­ple Mus­lim staff in Mai­har to be removed
You may also like this video

Exit mobile version