Site iconSite icon Janayugom Online

തകര്‍ന്നടിഞ്ഞ് എല്‍ഐസി ഓഹരി: വിപണി മൂല്യം അഞ്ചുലക്ഷം കോടിയായി കുറ‍ഞ്ഞു

LICLIC

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) യുടെ ഓഹരിക്ക് റെക്കോര്‍ഡ് നഷ്ടം. ഇഷ്യൂവിലയായ 949 രൂപയില്‍ നിന്ന് 17.55 ശതമാനം ഇടിഞ്ഞ് 782.45 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. എല്‍ഐസി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനു ശേഷം നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.

തുടര്‍ച്ചയായ അഞ്ചാം സെഷനിലും എല്‍ഐസി ഓഹരികള്‍ നഷ്ടത്തിലായിരുന്നു. മൊത്തം ആറു ശതമാനം നഷ്ടമാണ് അവസാന അ‍ഞ്ച് സെഷനുകളില്‍ നേരിട്ടത്. പൊതുമാര്‍ക്കറ്റിലുണ്ടായ നഷ്ടത്തേക്കാള്‍ ഏറെ കൂടുതലാണ് എല്‍ഐസി ഓഹരികളിലുണ്ടായ ഇടിവ്. ഇക്കാലയളവില്‍ സെന്‍സെക്സ്, ബിഎസ്ഇ മാര്‍ക്കറ്റുകള്‍ക്ക് ഒരു ശതമാനം നഷ്ടമാണ് ഉണ്ടായത്. 

എല്‍ഐസിയുടെ വിപണി മൂലധനം ഇതോടെ ആദ്യമായി അ‍ഞ്ച് ലക്ഷം കോടിയില്‍ താഴെയായി. ഇന്നലെ വ്യാപാരത്തിനൊടുവില്‍ 4.9 ലക്ഷം കോടിയായി വിപണി മൂലധനം ഇടിഞ്ഞു. ഇഷ്യു വിലയായ 949 രൂപയില്‍ എല്‍ഐസിയുടെ വിപണി മൂലധനം ആറ് ലക്ഷമാണ്.
3.5 ശതമാനം ഓഹരി വിറ്റ് 20,557 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത്. മേയ് നാലുമുതല്‍ ഒമ്പത് വരെയായിരുന്നു പ്രാരംഭ ഓഹരി വില്പന. 17നാണ് എല്‍ഐസിയുടെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തത്.
ഇതുവരെ നാല് സെഷനുകളില്‍ മാത്രമാണ് എല്‍ഐസി ഓഹരി വില ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 902 മുതല്‍ 949 രൂപയാണ് ഐപിഒയില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആവശ്യക്കാര്‍ കൂടിയതോടെ ഇഷ്യുവില ഓഹരിക്ക് 949 രൂപയായി നിശ്ചയിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Shares of LIC plum­met: Mar­ket val­ue plum­mets to Rs 5 lakh crore

You may like this video also

Exit mobile version