Site iconSite icon Janayugom Online

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധവും മദ്യപാനവും; ഇന്തോനേഷ്യയിൽ യുവതിക്കും യുവാവിനും 140 ചൂരൽ അടി

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടുകയും മദ്യപിക്കുകയും ചെയ്ത സ്ത്രീയ്ക്കും പുരുഷനും കടുത്ത ശിക്ഷ നല്‍കി ഇന്തോനേഷ്യ. ശരീഅത്ത് നിയമപ്രകാരം ചൂരൽ ഉപയോഗിച്ച് 140 തവണ അടിയാണ് ഇവര്‍ക്ക് ശിക്ഷയായി നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിൽ ശരീഅത്ത് നിയമം നടപ്പിലാക്കുന്ന ഒരേയൊരു പ്രവിശ്യയായ ആഷെയിലാണ് സംഭവം. ഇവിടെ അവിവാഹിതരായ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം കർശനമായി നിരോധിച്ചിട്ടുണ്ട്. 

ഡസൻ കണക്കിന് ആളുകൾ നോക്കി നിൽക്കേ പൊതുസ്ഥലത്തു വച്ചാണ് സ്ത്രീക്കും പുരുഷനും ചൂരൽ ഉപയോഗിച്ച് അടി നൽകിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. അടി കൊണ്ട സ്ത്രീ ബോധരഹിതയായതായും അവരെ ആംബുലൻസിൽ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കും 140 അടിയാണ് ആകെ ലഭിച്ചത്. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് 100 അടിയും മദ്യപിച്ചതിന് 40 അടിയുമാണ് നൽകിയതെന്ന് ബന്ദ ആഷെയിലെ ശരീഅത്ത് പോലീസ് മേധാവി മുഹമ്മദ് റിസാൽ പറഞ്ഞതായി എഎഫ്‌പി പറഞ്ഞു.

Exit mobile version