ശരീഅത്ത് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി. വിവാഹം, വിവാഹ മോചനം തുടങ്ങിയവയ്ക്കായി ശരീഅത്ത് കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ശരീഅത്ത് കൗണ്‍സില്‍ സ്വകാര്യ സംഘടന മാത്രമാണെന്നും കോടതി പറഞ്ഞു. 2017 ല്‍ തമിഴ്‌നാട് ശരീഅത്ത് കൗണ്‍സില്‍ വിവാഹ മോചനം അനുവദിച്ച കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിവാഹമോചനം അനുവദിച്ച് കൗണ്‍സില്‍ ഭര്‍ത്താവിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2010 ല്‍ നടന്ന വിവാഹത്തിന്മേല്‍ വിവാഹമോചനം അനുവദിച്ച് ശരീഅത്ത് കൗണ്‍സില്‍ 2017 ല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് കോടതി റദ്ദാക്കി. ഭരണകൂടം ചുമതലപ്പെടുത്തിയ കോടതികള്‍ക്ക് മാത്രമേ വിധി പുറപ്പെടുക്കാനാകൂവെന്ന് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ പറഞ്ഞു.
വിവാഹ മോചനം അനുവദിച്ച് 2017 ല്‍ ശരീഅത്ത് കൗണ്‍സില്‍ എടുത്ത തീരുമാനത്തിനെതിരെ ഡോക്ടര്‍ കൂടിയായ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് 2018 ല്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു. മൂന്നാമത്തെ തലാഖ് ചൊല്ലിയിട്ടില്ലെന്നും യുവതി ചൂണ്ടിക്കാട്ടി. 2021 ല്‍ കേസില്‍ വിധി വന്നു. ഭാര്യയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കുട്ടിയുടെ വിദ്യാഭ്യാസത്തിനായി മാസംതോറും സഹായവും നല്‍കാനായിരുന്നു വിധി. ഇതിനെതിരെയായിരുന്നു ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ശരീഅത്ത് കൗണ്‍സില്‍ തീരുമാനം ഒരു തരത്തിലും നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവില്ലാതെ ഏകപക്ഷീയമായി നടത്തിയ വിവാഹ മോചനം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി.