Site iconSite icon Janayugom Online

ഓര്‍മ്മകളില്‍ ഒളിമങ്ങാതെ ഷാര്‍ജ പുസ്തകോത്സവം: അമരക്കാരനൊപ്പം ഇത്തിരിനേരം.…

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരശ്ശീല വീഴാൻ ഇനി ഒരു ദിവസം മാത്രം. തുടക്കം മുതൽ ഒടുക്കം വരെ അതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൻ്റെ ആഹ്ലാദവുമായാണ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. ലോകത്തിലെ ഒന്നാമത്തെ പുസ്തകോത്സവമായി മാറിയ ഷാർജ ഇൻ്റർനാഷ്ണൽ പുസ്തകോത്സവത്തിലെ മിന്നും താരം പരിപാടിയുടെ  എക്സ്റ്റേണൽ അഫയർ എക്സിക്യൂട്ടീവ് ആയ  മലയാളി മോഹൻ കുമാർ സാറാണ്.അദ്ദേഹവുമായി മുഖാമുഖം സംസാരിച്ച ഒരു മണിക്കൂർ ഷാർജ പുസ്തകോത്സവ ഓർമ്മകളിൽ എന്നും ഒളിമങ്ങാതെ നിൽക്കും.

ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ക്വസ്മിയുടെ ഒപ്പമുള്ള 40 വർഷത്തെ പുസ്തകോത്സവ ഓർമ്മകൾ  പങ്കു വെച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. 1981 ൽ അബുദാബിയിൽ ആരംഭിച്ച UAE യിലെ ആദ്യ പുസ്തകോത്സവ ഓർമ്മകൾ മുതൽ 40 വർഷങ്ങൾക്കിപ്പുറം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ അമരക്കാരനായി ഓടി നടക്കുമ്പോഴും സാധാരണ പുസ്തക പ്രേമികൾക്കിടയിലേക്ക് ഇറങ്ങി വരാൻ അദ്ദേഹം കാണിക്കുന്ന ഔത്സുക്യം അത്ഭുതാവഹമാണ്.

പബ്ലിഷിംങ്ങ് ഇൻ്റസ്ട്രിയെ രക്ഷിക്കാൻ ഇറങ്ങി തിരിച്ച ഷാർജ ഭരണാധികാരിയുടെ അക്ഷരങ്ങളോടുള്ള പ്രണയവും മാനുഷിക മൂല്യങ്ങളുടെ ചേർത്തു പിടിക്കലുമാണ് പുസ്തകോത്സവത്തിൻ്റെ വിജയ ഹേതുവായി അദ്ദേഹം കണ്ടെത്തുന്നത്. ഇതൊരു കമേഴ്സ്യൽ ഇവൻ്റ് അല്ല ഇത് ഒരു കൾച്ചറൽ ഇവൻ്റ് ആണെന്ന് അദ്ദേഹം അടിവരയിടുന്നു.
ഷാർജ പുസ്തക പ്രസാധകരുടെ ഒരു ഹബ്ബ് ആയി മാറിയിരിക്കുന്നു.

We are cre­at­ing readers
we are cre­at­ing writers
we are cre­at­ing publishers

എന്നതാണ് ഇതിൻ്റെ മുഖ്യ ലക്ഷ്യം. വായന നന്നായാൽ മനുഷ്യൻ നന്നായി.

UAE യിലെ ഏതൊരു ഫെസ്റ്റിലേയും ഒഴിച്ചു കൂടാനാവാത്ത സാന്നിദ്ധ്യമാണ് മലയാളികൾ. അവർ പത്രവായനക്കാണ് പ്രാമുഖ്യം നൽകാറുള്ളത്. അതോടൊപ്പം പുസ്തക വായനയും ശീലമാക്കാൻ ഇത്തരം പുസ്തകോത്സവങ്ങൾ ഏറെ സഹായകമാകുന്നുണ്ട്. മനുഷ്യൻ്റെ ഏറ്റവും വലിയ ഗുണം വായനയും വ്യായാമവുമാണ്.  അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക. മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികൾക്ക് റോൾ മോഡലാവുക. അതിന് നമ്മൾ നമ്മളിലേക്ക് വിരൽ ചൂണ്ടി പോരായ്മകൾ കണ്ടെത്തുക. വായന മരിക്കുന്നു എന്നത് വെറുതെ പറയുന്നതാണ്. പുസ്തകം വാങ്ങിക്കാനും വായിക്കാനും ധാരാളം പേരുണ്ട് എന്നാണ് ഷാർജ പുസ്തകമേളയിലെ ജന സാന്നിദ്ധ്യം  തെളിയിക്കുന്നത് ഒരു കൂട്ടം മനുഷ്യരുടെ ചിട്ടയായ പരിശ്രമത്തിൽ ഇവിടെ എത്തുന്ന നൂറ് പേരിൽ ഇരുപത് പേരെ എങ്കിലും വായനയിലേക്ക് തിരിച്ചുവിടാനായാൽ അതായിരിക്കും ഈ പുസ്തകമേളയുടെ ഏറ്റവും വലിയ വിജയം.കുട്ടികളും മുതിർന്നവരും അടക്കം ലക്ഷകണക്കിന് ആളുകളാണ് പത്ത് ദിവസം കൊണ്ട് പുസ്തകങ്ങൾക്കിടയിലൂടെ ഈ മേളയിലേക്ക് നടന്നു കയറുന്നത്.’

മോഹൻകുമാർ സാർ പറഞ്ഞു നിർത്തുന്നില്ല .…

പരിചിതരും അപരിചിതരുമായ എത്രയോ മുഖങ്ങൾ … എത്രയോ വിജ്ഞാനപ്രദമായ സർഗ്ഗഭാഷണങ്ങൾ, പുസ്തക പ്രകാശന വേദികൾ അതിൽ ഒരാളായി മാറാൻ കഴിഞ്ഞതിൽ പരം ചാരിതാർത്ഥ്യം മറ്റൊന്നില്ല.

Eng­lish Sum­ma­ry: Shar­jah book festival

You may like this video also

Exit mobile version