Site iconSite icon Janayugom Online

ശശി തരൂരിന്റെ ലേഖനം : അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്

ശശി തരൂര്‍ എംപിയുട വിവാദ ലേഖനത്തില്‍ അതൃപ്തി പ്രകടപ്പിച്ച് ഹൈക്കമാന്റ് .മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെയാണ് ഹൈക്കമാ‍ന്റ് അതൃപ്തി അറിയിച്ചത്.തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഒക്ടോബര്‍ 31ന് പ്രൊജക്റ്റ് സിന്‍ഡിക്കേറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് തരൂര്‍ പരാമര്‍ശിച്ചിരുന്നു.

നെഹ്റു കുടുംബത്തെ അടക്കം വിമർശിച്ചുകൊണ്ടായിരുന്നു ലേഖനം.നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിട്ടെന്നും ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും വ്യാപിച്ചുകഴിഞ്ഞെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. നേതാവിനെയും അവരുടെ കഴിവിനേയുമാണ് അംഗീകരിക്കേണ്ടതെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. കുടുംബാധിപത്യങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമപരമായി നിര്‍ബന്ധിതമായ കാലാവധി ഏര്‍പ്പെടുത്തുന്നത് മുതല്‍ അര്‍ത്ഥവത്തായ ആഭ്യന്തര പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ നിര്‍ബന്ധമാക്കുന്നത് വരെയുള്ള പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ലേഖനത്തില്‍ സമാജ്‌വാദി പാര്‍ട്ടി,ശിവസേന, ലോക് ജനശക്തി പാര്‍ട്ടി, ശിരോമണി അകാലി ദള്‍,പിഡിപി, ഡിഎംകെ, ബിആര്‍എസ് എന്നീ പാര്‍ട്ടികളെയും തരൂര്‍ ലക്ഷ്യമിട്ടിരുന്നു.

ഗ്രാമസഭകള്‍ മുതല്‍ പാര്‍ലമെന്റിലെ ഉന്നതതലങ്ങള്‍ വരെ ഇത്തരത്തില്‍ കുടുംബവാഴ്ച നിലനില്‍ക്കുന്നുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.പാരമ്പര്യത്തിന് പ്രാധാന്യം ലഭിക്കുമ്പോള്‍ ഭരണത്തിന്റെയും നേതൃത്വത്തിന്റെയും ഗുണനിലവാരം കുറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വാഗ്ദാനമായ ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ ഭരണംപൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്നും തരൂര്‍ വിമര്‍ശിച്ചിരുന്നു.എന്നാല്‍ ഇതിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. 

കോണ്‍ഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെയും ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെയുമാണ് തരൂര്‍ ഉദ്ദേശിച്ചതെന്നാണ് ബിജെപിയുടെ വാദം. തരൂരിന്റെ ലേഖനം ബിജെപി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.ഇന്ത്യന്‍ രാഷ്ട്രീയം എങ്ങനെ ഒരു കുടുംബ ബിസിനസായി മാറിയെന്നതിനെക്കുറിച്ച് ശശി തരൂര്‍ എഴുതിയ ലേഖനം വളരെ ഉള്‍ക്കാഴ്ചയുള്ള ഒന്നാണ്. ഇന്ത്യയിലെ സ്വജനപക്ഷപാതത്തിന്റെ സന്തതിയായ രാഹുലിനും തേജസ്വി യാദവിനും നേരെ അദ്ദേഹം നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നു,’എന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല എക്സില്‍ കുറിച്ചിരുന്നു.

Exit mobile version